ഇലന്തൂർ ഇരട്ട നരബലി കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
ഇലന്തൂർ ഇരട്ട നരബലി കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി പ്രോസിക്യൂഷൻ അവതരിപ്പിച്ച 22 കാരണങ്ങളും അംഗീകരിച്ചാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്.
കസ്റ്റഡി അപേക്ഷയില്‍ വലിയ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവർ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂർ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവു എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്.
അതേസമയം പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.