KERALAUncategorized

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ഉച്ചഭക്ഷണ പദ്ധതിനടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.  പൊതുവി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നതിൽ സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്.

ഒന്നു മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായും പോഷകസമ‍ൃദ്ധവുമായ ഭക്ഷണം നൽകുമെന്നതാണ് പ‍ദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഒരു കുട്ടിക്ക് അനുവദിക്കുന്ന തുക പരമാവധി എട്ട് രൂപയാണ്. എന്നാൽ ഈ തുക അനുവദിക്കുന്നത് 150 കുട്ടികള്‍ വരെയുളള സ്കൂളുകള്‍ക്ക് മാത്രമാണ്. 150 നും അഞ്ഞൂറിനും ഇടയിലാണ്  കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്കൂളുകളില്‍ ഒരു കുട്ടിക്ക് ആറ് രൂപയുമാണ് അനുവദിക്കുന്നത്. ഈ തുക 2016 മുതൽ സ്കൂളുകൾക്ക് നൽകുന്നുണ്ട്. എന്നാൽ ഈ തുക പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. സമരം ഫലം കാണാത്തതിനാൽ കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഉച്ചഭക്ഷണത്തിനായി തുക വർദ്ധിപ്പിക്കാത്തതിനാൽ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയുമാണ് ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്നത്. എന്നാൽ സർക്കാർ ഇതിന്റെ തുക വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ലെന്ന് ചൂണ്ടികാണിച്ച് പ്രതിപക്ഷം നിയമസഭയിലടക്കം വിമർശനം ഉന്നയിച്ചിരുന്നു. ഈ പദ്ധതിയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതമാനം കേന്ദ്രവുമാണ് വഹിക്കുന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് സംസ്ഥാന വിഹിതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കാത്തതാണ് പദ്ധതിയുടെ പ്രധാന പ്രതിസന്ധി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button