അതിഥിത്തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

അതിഥിത്തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്രേഡിയത്തിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരും ജനങ്ങളും ആശയവിനമയം നടത്തേണ്ടത് പരസ്പരം മനസിലാവുന്ന ഭാഷയിലാണെന്നും അധിനിവേശ വിരുദ്ധ സമരങ്ങളുടെ ഭാഗമാണ് നമ്മുടെ ഭാഷാപരമായ ഐക്യമെന്നത് നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ ആത്മാഭിമാനത്തോടെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യണം. ഭാഷ ചില്ലുകൂട്ടിലിട്ട ചരിത്ര സ്മാരകമല്ല. ക്‌ളാസിക്കൽ ഭാഷയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മലയാളത്തിന് നേടിയെടുക്കും. പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്താനും ഹൈക്കോടതി വരെയുള്ള കോടതികളുടെ ഭാഷ മലയാളം ആക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ആന്റണി രാജു അദ്ധ്യക്ഷനായി. മാതൃഭാഷയിലൂടെ മാത്രമേ ഹൃദയവികാരം ശക്തമായി പ്രകടിപ്പിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരായ എം മുകുന്ദനെയും പ്രൊഫ.വി മധുസൂദനൻ നായരെയും മുഖ്യമന്ത്രി ആദരിച്ചു.

നാം സ്വപ്‌നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് എം. മുകുന്ദൻ പറഞ്ഞു. പ്രാദേശിക പ്രയോഗങ്ങളും പദങ്ങളും ഇല്ലാതാവുകയാണെന്നും മാതൃഭാഷ ഇംഗ്‌ളീഷിനേക്കാൾ ഒട്ടും താഴെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജനതയെയും ബഹുമാനിക്കുന്നതിന് തുല്യമാണ് ഓരോ ഭാഷയെയും ബഹുമാനിക്കുന്നതെന്ന് പ്രൊഫ.വി.മധുസൂദനൻ നായർ പറഞ്ഞു. സ്വന്തം കലണ്ടർ മറക്കേണ്ടി വന്നവരാണ് മലയാളികളെന്നും അദ്ദേഹം പറ‌ഞ്ഞു.

ചീഫ് സെക്രട്ടറി വി പി ജോയ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ എച്ച് ദിനേശൻ, അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!