ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് കേരളം വിട നല്‍കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കാനെടുത്ത സമയം ഇരുപത്തിരണ്ടര മണിക്കൂര്‍. പ്രതീക്ഷിച്ചതിലും 12 മണിക്കൂര്‍ വൈകി ഇന്ന് പുലര്‍ച്ചെ 5.30 തോടെയാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഏഴേകാലിന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര പതിനായിരങ്ങളുടെ കണ്ണീര്‍ പൂക്കള്‍ ഏറ്റുവാങ്ങി ചങ്ങനാശേരി പിന്നിട്ടു.

കത്തിച്ചു പിടിച്ച മെഴുകു തിരികളുമായി അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വഴിയോരത്ത് കാത്തു നിന്നത്. വികാര നിര്‍ഭരമായ രംഗങ്ങക്ക് സാക്ഷ്യം വഹിച്ചാണ് വിലപയാത്ര കടന്നു പോകുന്നത്. സൗമ്യമായ പുഞ്ചിരി തൂകിയ മുഖം ഇനിയില്ല എന്ന തിരിച്ചറിവില്‍ കേരള ജനത റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് വിങ്ങിപ്പൊട്ടി. ജനങ്ങളെ താണ്ടിയുള്ള ഈ അവസാന യാത്രയും ജനനായകന് മടുപ്പുളവാക്കില്ല.

ഇന്ന് തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വലിയപള്ളി സെമിത്തേരിയില്‍ പ്രത്യേക കബറിടത്തില്‍ സംസ്‌കാരം.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലും പുതുപ്പള്ളി പ്രദേശത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!