CRIME

ഉള്ളിൽ നിറയെ രഹസ്യങ്ങൾ; പുറത്ത് ആകർഷണീയ പെരുമാറ്റം

കോഴിക്കോട്: കൂടത്തായിയിൽ ആറുപേരെ കൊന്നെന്നു കരുതുന്ന ജോളിക്ക് ഇത്രയും ക്രൂരമായ കൃത്യം ചെയ്തെന്നു സംശയിക്കാനുള്ള ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കൂടത്തായിയിലെ പൊന്നാമറ്റത്ത് ടോം തോമസും ഭാര്യ അന്നമ്മയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.
പൊന്നാമറ്റത്തെ മരുമകളെന്ന പരിഗണനയും ആദരവും ജോളിക്ക് എല്ലാവരും നൽകിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാ ദിവസവും എൻ.ഐ.ടി.യിലേക്കു കാറുമെടുത്തു പോകുന്നത് കാണാറുണ്ടെന്ന് ഓമശ്ശേരി പഞ്ചായത്ത് അംഗവും സി.പി.എം. നേതാവുമായ ടി.ടി. മനോജ്കുമാർ പറയുന്നു. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകൾ, നാട്ടിലെ പൊതുപരിപാടികൾ എന്നിവയിലെല്ലാം ഇവർ സജീവമായിരുന്നു. എല്ലാറ്റിലും പ്രധാനിയായി രംഗത്തുണ്ടാവാറുണ്ട്. എല്ലാവർക്കും പരോപകാരിയുമായിരുന്നു. അതുകൊണ്ട് നാട്ടുകാരുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു.
രണ്ടുദിവസം മുമ്പുവരെ ജോളിയെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറുപേരും മരിച്ചപ്പോഴും ഓടിനടന്നു കാര്യങ്ങൾ ചെയ്തിരുന്നത് ജോളിയാണ്. സ്വത്തുതർക്കമുണ്ടായിരുന്നതായും അടുത്തകാലത്താണ് പുറത്തുവരുന്നത്. അന്നമ്മ മരിച്ചശേഷം പൊന്നാമറ്റം വീടിന്റെ ചുമതല മുഴുവൻ ജോളിക്കായിരുന്നു.
മകൻ റോയിയെക്കാൾ ടോം തോമസിനു ജോളിയെയായിരുന്നു മതിപ്പ്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളെല്ലാം ജോളിയാണു കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ഭർത്താവ് ഷാജുവും ജോളിയുടെ കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല.
മരിച്ചവരിൽ നാലുപേർക്ക് ഹൃദ്രോഗമുണ്ടായിരുന്നതായാണു പറയപ്പെടുന്നത്. ഷാജുവിന്റെ ഭാര്യ സിലിക്കും മകൾ അൽഫൈനും രോഗമുള്ളതിനാൽ അവരുടെ മരണത്തിലും അസ്വാഭാവികത തോന്നിയില്ല. റോയിയുടെ മരണത്തിൽ അമ്മാവനായ മാത്യു സംശയമുന്നയിച്ചതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്തെന്നല്ലാതെ മറ്റ് അന്വേഷണങ്ങളോ നടപടികളോ ഒന്നുമുണ്ടായില്ല. ബന്ധുക്കൾക്ക് പരാതിയില്ലാതിരുന്നതും ജോളിക്കു തുണയായി.
പൊന്നാമറ്റത്തിന്റെ പടിയിറങ്ങി ഷാജു
കൊലപാതക പരമ്പരയിൽ ജോളിയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭർത്താവ് ഷാജുവിനെ പുറത്താക്കി. പുസ്തകങ്ങളും സാധനങ്ങളുമുൾപ്പെടെ എല്ലാമെടുത്ത് ഷാജു പടിയിറങ്ങി. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്‌കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കൾ പറയുന്നത്. റോയിയുടെ സഹോദരി രഞ്ജി എറണാകുളത്തുനിന്ന് കൂടത്തായിയിലെ വീട്ടിലെത്തിയിരുന്നു. അവരാണ് പോകണമെന്നാവശ്യപ്പെട്ടതെന്ന് ഷാജു പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button