മിഷേൽ ഷാജിയുടെ ദുരൂഹ മരണം: ഡിജിപിയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ്

കൊച്ചി∙ സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയെ(18) കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡിജിപി ലോക്നാഥ് ബഹ്റയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് ഷാജി വർഗീസ്. സിസിടിവി ദൃശ്യങ്ങളിൽ മിഷേലിനെ പിന്തുടർന്ന രണ്ടു പേരെ കണ്ടെത്തി ചോദ്യം ചെയ്തെന്നും അവർക്ക് പങ്കില്ലെന്നു വ്യക്തമായെന്നുമാണ് ഡിജിപി പറഞ്ഞത്.

 

അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി ഡിജിപിയെ സമീപിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോഴും ഇതു തന്നെ ആവർത്തിച്ചു. എന്നാൽ ഇപ്പോൾ ഇതേ വ്യക്തികളെ കണ്ടെത്തുന്നതിനായാണ് ക്രൈം ബ്രാഞ്ച് ചിത്രം സഹിതം പരസ്യം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

 

പെൺകുട്ടിയെ അവസാനമായി കണ്ട കലൂർ പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടു പേർ ബൈക്കിൽ പിന്തുടരുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നു ലഭിച്ചത്. ഈ ദൃശ്യങ്ങളിൽ കാണുന്ന രണ്ടു പേർക്ക് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് പിതാവ് തുടക്കം മുതൽ ആരോപിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച്  ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്ന സമയത്തു പോലും ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നാണ് പിതാവ് ഷാജിയുടെ അറിവ്.

 

ഇതു ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇവരെ ചോദ്യം ചെയ്തതായും അവർക്ക് മരണത്തിൽ ബന്ധമില്ലെന്നും പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇവർക്കായി പരസ്യം നൽകിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് പൊലീസ് സത്യം പറയുന്നത്. ചിത്രത്തിൽ കണ്ട രൂപസാദൃശ്യമുള്ളവരെയാണ് ചോദ്യം ചെയ്തത്. അത് അവരല്ലായിരുന്നു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നതെന്ന് ഷാജി ആരോപിക്കുന്നു.

 

അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ടു പേരെ മിഷേലിന്റെ മരണവുമായി ബന്ധിപ്പിക്കാവുന്ന ഒരു കണ്ണികളും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറയുന്നു. പരാതിക്കാരിൽ നിന്നു സംശയം ഉയരുന്ന സാഹചര്യത്തിലാണ് ഏതെങ്കിലും കണ്ണി വിട്ടു പോയിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

2017 മാർച്ച് അഞ്ചിനാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേൽ ഷാജിയെ കാണാതെയാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കൊച്ചി കായലിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടക്കം മുതൽ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം.
ഷാജി വർഗീസ്, മിഷേൽ ഷാജി
മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവിൽ സമ്മർദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്പോൾ അന്നത്തെ സിഐ അനന്തലാൽ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങൾ എവിടെ പോയാലും തെളിയിക്കാൻ പോകുന്നില്ല. എന്നാണ്. മുൻവിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോർട്ടുകൾ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.
എറണാകുളം വാർഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്പോൾ വെള്ളത്തിൽ കിടന്ന് രണ്ടു മണിക്കൂർ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് അത് കണ്ട ഐലൻഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് 22 മണിക്കൂർ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾ അമർത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകൾ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. – ഷാജി വിശദീകരിച്ചു.
മൃതദേഹം ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കൽ കോളജിൽ നടത്തിയാൽ മതിയെന്നും ഉന്നതങ്ങളിൽ നിന്ന് നിർദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നിൽ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറൻസിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വർഗീസ്.
അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാശുപത്രിയിൽ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വ്യക്തമായ പരിശോധനകൾക്കു എപ്പോഴും മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹങ്ങൾ അയയ്ക്കുന്നതാണ് പതിവ്. പെൺകുട്ടിയുടെ മരണത്തിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളും കൂടുതൽ യോഗ്യതകളുള്ള ഫൊറൻസിക് സർജൻമാരുമുള്ള കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു.
സിബിഐ വരണമെന്നില്ല; സത്യം കണ്ടെത്തിയാൽ മതി
മകളുടെ മരണത്തിൽ അന്വേഷണം നേർവഴിക്കല്ലെന്നു വ്യക്തമായതോടെയാണ് ഷാജി വർഗീസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് ഷാജി ഇപ്പോഴും. മകൾ മരിക്കാൻ തക്ക ഒരു കാരണവുമില്ലെന്നിരിക്കെ എന്തിന് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നതെന്നാണ് ഷാജിയുടെ ചോദ്യം.
മകളെ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന യുവാവിലേയ്ക്ക് തന്നെയാണ് ഷാജി വിരൽ ചൂണ്ടുന്നത്. മകളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതിന്റെ തെളിവുകളുണ്ടായിട്ടും പൊലീസ് അന്വേഷണം വേണ്ടരീതിയിൽ എത്തിയില്ലെന്ന് ഷാജി ആരോപിക്കുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടിരിക്കുന്നതായാണ് പൊലീസ് പറയുന്നത്.
കേസന്വേഷണത്തിൽ പ്രതികളുടെ ഇടപെടലുണ്ടെന്നു തന്നെയാണ് പിതാവ് വിശ്വസിക്കുന്നത്. കേസ് സിബിഐ തന്നെ അന്വേഷണിക്കണമെന്നില്ല. സത്യം കണ്ടെത്തണമെന്നേ ഉള്ളൂ. പുതിയ ഡിവൈഎസ്പി കേസിൽ താൽപര്യമെടുക്കുന്നുണ്ടെന്നാണ് ഇതുവരെ മനസിലാകുന്നത്. സംഭവത്തിൽ വിട്ടുപോയ കണ്ണികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വിഡിയോ ദൃശ്യങ്ങളിലുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി പരസ്യം നൽകിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഷാജി പറയുന്നു.
അവസാനത്തെ ഫോൺകോൾ, ടവർ ലൊക്കേഷൻ
മിഷേലിനെ കാണാതാകുമ്പോൾ ഏറ്റവും അവസാനമായി ഏതു ടവർ ലൊക്കേഷനിലായിരുന്നു മൊബൈൽ ഫോൺ പ്രവർത്തിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് പിതാവ് ആരോപിക്കുന്നു. അവസാനമായി ആരോടാണ് ഫോണിൽ സംസാരിച്ചത് എന്നോ, ആരുടെ കോളാണ് വന്നതെന്നോ കണ്ടെത്താൻ ഒരു അന്വേഷണ ഉദ്യോഗസ്ഥരും താൽപര്യം കാണിച്ചിട്ടില്ലത്രെ. ഈ ആവശ്യവുമായി മൊബൈൽ ഫോൺ കമ്പനി ഓഫിസിനെ താൻ നേരിട്ട് സമീപിച്ചെങ്കിലും അത് പൊലീസിനു മാത്രമെ കൈമാറാൻ സാധിക്കൂ എന്ന നിലപാടാണ് എടുത്തതെന്നു ഷാജി പറയുന്നു.
മിഷേൽ ധരിച്ചിരുന്ന വാച്ച് മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. മോതിരവും കയ്യിൽ ഇല്ലായിരുന്നു. ഇതു രണ്ടും എന്തായാലും തനിയെ ഊരിപ്പോകുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കിൽ ഇവ ആരാണ് ഊരിയെടുത്തിട്ടുണ്ടാവുക എന്നാണ് പിതാവ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ. ആരെങ്കിലും കൊന്ന് കായലിൽ കൊണ്ടിട്ടതാണ് എന്നതിന് ഇതുതന്നെ തെളിവാണെന്നും ഷാജി പറയുന്നു.
ഗോശ്രീ പാലത്തിൽ നിന്ന് ചാടി മിഷേൽ ആത്മഹത്യ ചെയ്തെന്നു പൊലീസ് പറയുന്നത് പാലത്തിലേയ്ക്ക് മിഷേലിനെ പോലെ ഒരു യുവതി നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ്. എന്നാൽ ഇത് മിഷേൽ അല്ലെന്ന് തറപ്പിച്ചു പറയുന്നു പിതാവ്. ഒരു പക്ഷെ മനഃപ്പൂർവം കെട്ടിച്ചമച്ച ദൃശ്യങ്ങളാകാം ഇതെന്നും ഷാജി പറയുന്നു. ഇതേ പാലത്തിൽ നിന്നു ചാടി മുങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തിയ രണ്ടു പേരുടെ മൃതദേഹങ്ങൾ വികൃതമായാണ് കണ്ടെത്തിയത്.
എന്നാൽ മിഷേലിന്റെ ശരീരത്ത് അത്തരത്തിലുള്ള പാടുകൾ ഇല്ലായിരുന്നെന്നും ഷാജി പറയുന്നു. 22 മണിക്കൂർ കായലിൽ കിടന്ന ഒരു മൃതദേഹം ചീഞ്ഞു തുടങ്ങിയിട്ടുണ്ടാകും. മാത്രമല്ല, മീനുകൾ കൊത്തിയ പാടുകൾ ശരീരത്തിലുണ്ടാകും. വെള്ളം കുടിച്ച് മരിച്ച ഒരാളുടെ വയറ്റിലും ശ്വാസകോശത്തിലുമെല്ലാം വെള്ളം ഉണ്ടാകേണ്ടതാണ്. എന്നാൽ ഇതൊന്നും മിഷേലിന്റെ ശരീരത്തിൽ ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർ‍ട്ടിലും അന്നെടുത്ത ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്ന് ഷാജി വർഗീസ് പറയുന്നു.
ആത്മഹത്യ എന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്
മിഷേൽ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച്. ‘കേസിൽ ഉയർത്തിയിട്ടുള്ള സംശയത്തിന്റെ എല്ലാ ഘടകങ്ങളും അണുവിട വിടാതെ പരിശോധിച്ചിട്ടുണ്ട്. എവിടെയും ഒരു കൊലപാതകം നടന്നതിനു തെളിവില്ല. മിഷേലിന്റെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതാണ്. പല കാര്യങ്ങളും വിശ്വസിക്കാൻ അദ്ദേഹം തയാറായിട്ടില്ല. സംശയമുള്ളവരെ എല്ലാം ചോദ്യം ചെയ്യുകയും ഫൊറൻസിക് വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ശരീരത്തിൽ മീൻ കൊത്തിയ പാടുകളുണ്ടാകും എന്ന ആരോപണം പരിശോധിക്കുന്നതിനായി സമാന സംഭവങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. മിഷേൽ അവസാനമായി സംസാരിച്ച ബന്ധുവിന്റെ നമ്പർ, ഫോൺ ഓഫ് ആയ സമയം, സ്ഥലം എന്നിവയെല്ലാം കൃത്യമായി അന്വേഷിച്ചിരുന്നു. കലൂരിൽ വച്ചാണ് ഫോൺ ഓഫ് ആകുന്നത്. അവസാനമായി സംസാരിച്ച ബന്ധുവിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു’ – ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറയുന്നു.
Comments

COMMENTS

error: Content is protected !!