കൊയിലാണ്ടി മഞ്ഞളാട്ട് കുന്നിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട് കൈയേറി ആക്രമിച്ച് പരിക്കേൽപിച്ചു

 

കൊയിലാണ്ടി: മഞ്ഞളാട്ട് കുന്നിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട് കൈയേറി ആക്രമിച്ച് പരിക്കേൽപിച്ചു. അനിൽകുമാറിനെയാണ് (44) മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപിച്ചത്. തലക്കും കാലിനും പരിക്കേറ്റ അനിൽകുമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

വീടിനുസമീപത്തെ ഒഴിഞ്ഞപറമ്പിൽ ഇരുന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് വീട്ടുകാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. കുളിമുറിയും അലക്കുകല്ലുമൊക്കെ ഈ ഭാഗത്താണ്. ഇവരുടെ ശല്യം രൂക്ഷമായപ്പോൾ അനിൽകുമാർ ഇടപെടുകയായിരുന്നു.

ലോറി ഡ്രൈവറായിരുന്ന അനിൽകുമാർ നട്ടെല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. അതിനിടെയാണ് അക്രമം. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം പലപ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ പുറത്തേക്ക് ഇറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണ്. മഞ്ഞളാട്ട്കുന്നുഭാഗത്ത് ലഹരിവിൽപനയും ഉപയോഗവും വ്യാപകമാണ്. ലഹരിക്കെതിരെ നാട്ടുകാരുടെ പ്രവർത്തനവുമുണ്ട്.

ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് സംഘംചേർന്നുള്ള ലഹരിവിൽപനയും ഉപയോഗവും. ഇവരിൽ പലരും ആയുധങ്ങളുമായാണ് നടക്കുന്നത്. അനിൽകുമാറിനെ ആക്രമിച്ച സംഭവത്തിൽ നാല് ആളുകളുടെ പേരിൽ കേസ് എടുത്തതായി സി.ഐ സുനിൽ കുമാർ അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Comments

COMMENTS

error: Content is protected !!