ഉള്ളൂർ കടവ് പാലം പണി വേഗത്തിലാക്കും
കൊയിലാണ്ടി: ഉള്ളൂർക്കടവ് പാലം നിർമ്മാണപ്രവൃത്തി തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തീരുമാനത്തിനായി വടകര ആർ.ഡി.ഒ വിളിച്ചു ചേർത്ത യോഗം ചേലിയ പാൽസൊസൈറ്റി ഹാളിൽ വെച്ചു നടന്നു. കാനത്തിൽ ജമീല, എം.എൽ.എ സച്ചിൻ ദേവ് പങ്കെടുത്തു. പാലം നിർമ്മാണത്തിന് മുൻകൂറായി ഭൂമി വിട്ടു നൽകിയ ഭൂവുടമകൾക്ക് ഓരോരുത്തർക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക ലാന്റ് അക്വിസിഷൻ തഹസിൽദാർ യോഗത്തിൽ വിശദമാക്കി. നേരെത്തെ പൊതുമരാമത്ത് പാലം വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ കണക്കാക്കിയതിനേക്കാൾ കൂടുതൽ തുക വില നിർണ്ണയത്തിന് ശേഷം ഇപ്പോൾ നഷ്ടപരിഹാരമായി നൽകേണ്ടതുണ്ട്. അധികമായി വേണ്ട ഈ തുകയ്ക്ക് കൂടി സർക്കാരിൽ നിന്നും അനുമതി വാങ്ങി.
3 മാസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാര തുക വിതരണം ചെയ്യും. 2021 ഫെബ്രുവരി മാസം ആരംഭിച്ച പാലം നിർമ്മാണത്തിൽ നിലവിൽ പുഴയിലെ തൂണുകളുടെ പൈലിംഗ് ജോലികൾ അവസാന ഘട്ടത്തിലാണ്. ഇരു കരകളിലേക്കുമുള്ള പൈലിംഗ് ജോലികൾ അടുത്ത ആഴ്ചയോടെ ആരംഭിക്കും. യോഗത്തിൽ എം.എൽ.എ മാരെ കൂടാതെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത പങ്കെടുത്തു. ഇരു ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളായ പി.വേണു മാസ്റ്റർ, ബേബിസുന്ദർരാജ്, ടി.എം.ശിവൻ, മജീദ്, വടകര ആർ.ഡി.ഒ ബിജു.സി, ലാന്റ് അക്വിസിഷൻ തഹസിൽദാർ മുരളീധരൻ, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ.വി.ഷിനി, അസിസ്റ്റന്റ് എഞ്ചിനീയർ അമൽജിത്ത്.വി, പാലം നിർമാണ കമ്മറ്റി പ്രതിനിധികൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗശേഷം എം.എൽ.എ മാരും ഉദ്യോഗസ്ഥരും നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്ന സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.