ഊരുകളിലെത്തും റേഷൻ കട: ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി ജില്ലയിലും
ഭക്ഷ്യധാന്യങ്ങൾ ഊരുകളിലെ വീടുകളിലേക്ക് എത്തിച്ചുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി ജില്ലയിലും ആരംഭിക്കും. ദുർബല വിഭാഗങ്ങൾക്കും വനമേഖലകളിൽ കഴിയുന്നവർക്കും നേരിട്ട് റേഷൻ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി ജില്ലയിൽ ആദ്യമായി താമരശ്ശേരി താലൂക്കിലാണ് നടപ്പാക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ, മേലെ പൊന്നാങ്കയം, പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി പ്രദേശങ്ങളിലാണ് സേവനം ഒരുക്കുന്നത്. റേഷൻ കടകളിലെത്താൻ പ്രയാസമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ 100ലധികം ആദിവാസി കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.
റേഷൻ വിഹിതമായ അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയാണ് പദ്ധതിയിലൂടെ ഊരുകളിൽ എത്തിക്കുക. പ്രദേശവാസികളുടെ സൗകര്യാർഥ്യം മാസത്തിൽ ഒരു തവണയായിരിക്കും വിതരണം. റേഷനിങ് ഇൻസ്‌പെക്ടറും വാഹനത്തിൽ ഉണ്ടാവും.
റേഷൻ വിഹിതം കൈപ്പറ്റാൻ ഒറ്റപ്പട്ട വനമേഖലകളിൽ നിന്നും ദൂരങ്ങൾ താണ്ടി എത്തേണ്ട അവസ്ഥയ്ക്ക് പരിഹാരമായിരിക്കും പദ്ധതിയെന്നും എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്നും ജില്ലാ സപ്ലൈ ഓഫീസർ രാജീവ് പറഞ്ഞു.