എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ പോക്‌സോ കേസുകള്‍ ഇനി പ്രത്യേക കോടതികളില്‍
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെയുള്ള പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന മൂന്ന് കോടതികള്‍ സ്ഥാപിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന അനുമതി നല്‍കി. 2005-ലെ ബാലാവകാശ സംരക്ഷണ (സി.പി.സി.ആര്‍.) നിയമം, 2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമം എന്നിവ പ്രകാരം ഫയല്‍ ചെയ്ത കേസുകള്‍ മാത്രമേ ഈ പ്രത്യേക കോടതികളില്‍ പരിഗണിക്കൂ.
ഈ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം രണ്ട് വര്‍ഷത്തിലേറെയായി ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ബാലാവകാശ ലംഘനങ്ങള്‍, പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനകം വിജ്ഞാപനം ചെയ്ത എട്ട് കോടതികള്‍ക്ക് പുറമെയാണ് സക്‌സേന അംഗീകരിച്ച പ്രത്യേക കോടതികള്‍.
ഡല്‍ഹി ഹൈക്കോടതിയുടെ 2020 ഉത്തരവിന് കൃത്യം രണ്ട് വര്‍ഷവും ഏഴ് മാസവും കഴിഞ്ഞ് ജൂണ്‍ 27 നാണ് ഡല്‍ഹി സര്‍ക്കാര്‍ മൂന്ന് നിയുക്ത കോടതികള്‍ക്കുള്ള നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചത്. വ്യാഴാഴ്ച അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു.