എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെത്തും. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവർ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും.

 

Comments

COMMENTS

error: Content is protected !!