എച്ച്1 എൻ1 തടയാം
രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലരുന്നത്. ശ്വസനത്തിലൂടെ രോഗാണുക്കൾ മറ്റുളളവരുടെ ശ്വാസനാളത്തിലെത്തുന്നു. രോഗാണുക്കൾ നിറഞ്ഞ ഇത്തരം സ്രവങ്ങളിൽ സ്പർശിക്കുന്നതു വഴിയും രോഗം പകരാം. കൈകൾ ശുചിയാക്കാതെ ആഹാരം കഴിക്കുക, രോഗാണുക്കൾ നിറഞ്ഞ കൈവിരലുകൾ കൊണ്ടു മൂക്ക്, വായ, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും എച്ച് 1 എൻ1 അണുക്കൾ മറ്റുളളവരിലെത്തുന്നു. എന്നാൽ പന്നിയിറച്ചി കഴിച്ചാൽ എച്ച് 1 എൻ 1 പിടിപെടില്ല.
* ഒസൾട്ടാമിവിർ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കഴിക്കുക * വിശ്രമിക്കുക. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ജോലിയുളളവർ അവധിയെടുത്തു വിശ്രമിക്കുക. * പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. പഴച്ചാറുകൾ, തിളപ്പിച്ചാറിയ വെളളം, ഉപ്പു ചേർത്ത കഞ്ഞിവെളളം എന്നിവ കഴിക്കുക.
എച്ച് 1എൻ 1 പകരാതിരിക്കാൻ
* സോപ്പും ചെറിയ ചൂടുള്ള വെളളവുമുപയോഗിച്ചു കൈകൾ കഴുകി രോഗാണുവിമുക്തമാക്കുക. ഹാൻഡ് വാഷ് പുരട്ടിയും കഴുകാം.
*എച്ച്1 എൻ1 ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗാണുബാധിതർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക. തണുത്ത ആഹാരം കഴിക്കരുത്.
* കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ടു നേരിട്ടു സ്പർശിച്ചാൽ കൈകൾ ശുചിയാക്കാൻ മറക്കരുത്.
* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ചു മൂക്കും വായയും പൊത്തുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളോ തുമ്മുക. രോഗാണുക്കൾ വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം.
* കുട്ടികൾ സ്കൂളിൽ നിന്നു മടങ്ങിയെത്തിയാലുടൻ കൈകൾ സോപ്പും വെളളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ശീലിപ്പിക്കുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ മാതൃകയാവണം.
* എച്ച് 1 എൻ1 രോഗികളെ പരിചരിക്കുന്നവർ, എച്ച് 1 എൻ 1 രോഗികൾ, ഫ്ളൂ ലക്ഷണങ്ങളുളളവർ, ആൾക്കൂട്ടങ്ങൾക്കിടയിൽ തങ്ങുന്നവർ, സിനിമാശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുന്നവർ, ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ മാസ്ക് ധരിക്കുക.
ഒരേ മാസ്ക് തന്നെ ആവർത്തിച്ചുപയോഗിക്കരുത്. മാസ്ക് ഉപയോഗിക്കുന്പോൾ കഴുത്തിനു ചുറ്റും തൂക്കിയിടരുത്. പോക്കറ്റിലും ബാഗുകളിലും മാസ്കുകൾ ഊരി വയ്ക്കുന്നതും ഒഴിവാക്കുക. ഏതുതരം പനി ബാധിച്ചാലും എത്രയും പെട്ടെന്നു വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ.