കെ റെയിൽ വിരുദ്ധ ജനകീയസമിതി നടത്തുന്ന ഒപ്പ് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എല്ലാ ലാഭേച്ഛകൾക്കുമപ്പുറം മനുഷ്യന്റെ നിലനിൽപ്പിനാധാരമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നത് ഒരു ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനമായ ബാധ്യതയാണ്. എന്നാൽ പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപിനെ തലമുറകളോളം വിനാശപ്പെടുത്തുന്ന കെ. റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മാവൂർ ഗ്വാളിയോർ റയൺസ് സമര നായകൻ  ഗ്രോ വാസു അഭിപ്രായപ്പെട്ടു. കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാന്റ് പരിസരത്ത് കെ.റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തുന്ന ജനകീയ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ടി ടി. ഇസ്മായി അധ്യക്ഷം വഹിച്ചു. പി എം ശ്രീകുമാർ സ്വാഗതവും കൃഷ്ണകുമാർ പാവങ്ങാട് നന്ദിയും പറഞ്ഞു.


സംസ്ഥാന സ്കൂൾ കലോൽസവത്തിനായി കലോത്സവ നഗരിയായ കോഴിക്കോട്ടെത്തുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമരപങ്കാളിത്തം അതിജീവനപ്പോരാട്ടത്തിൽ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് നഗരത്തിൽ ബസ് സ്റ്റാന്റുകളും റെയിൽവെസ്റ്റേഷനും കേന്ദ്രീകരിച്ച് ഒപ്പുശേഖരണ പരിപാടി നടത്തുന്നത്.

കെ.റെയിൽ പദ്ധതി പിൻവലിച്ചുള്ള വിജ്ഞാപനമിറക്കുക, സമര പ്രവർത്തകർക്കെതിരെയുള്ള മുഴുവൻ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും സമർപ്പിക്കാനായി സംസ്ഥാന വ്യാപകമായി ഒരു കോടി ഒപ്പുകൾ ശേഖരിക്കുന്നത്.

സർവ്വോദയ കേന്ദ്രം നേതാക്കളായ യു രാമചന്ദ്രൻ, കെ ശിവാനന്ദൻ,സുനീഷ് കീഴാരി, കെ. മൂസക്കോയ, പി കെ ഷിജു, നസീർ ന്യൂജെല്ല, പ്രവീൺ ചെറുവത്ത്, ഷാനവാസ് കുണ്ടായിത്തോട് . കോയ പുതിയങ്ങാടി, എ പി ഹസ്സൻ മാത്തോട്ടം ശ്രീധരൻ മാസ്റ്റർ, റഹിം നടക്കാവ്, ശ്രീജ കണ്ടിയിൽ, ഉഷ രാമകൃഷ്ണൻ, ഓമന ചാത്തു, സീന കുട്ടികൃഷ്ണൻ, പുഷ്പ ബാബു, ശോഭന പപ്പൻ നേതൃത്വം നൽകി.

Comments
error: Content is protected !!