DISTRICT NEWS

എട്ടു വയസ്സുകാരന്റെ കാലിൽ തറച്ച മുള്ള് കണ്ടെത്താൻ രണ്ട് മെഡിക്കൽ കോളജ് ആശുപത്രികളിൽ 3 തവണയായി 10 ദിവസം കിടത്തിച്ചികിത്സ

എട്ടു വയസ്സുകാരന്റെ കാലിൽ തറച്ച മുള്ള് കണ്ടെത്താൻ രണ്ട് മെഡിക്കൽ കോളജ് ആശുപത്രികളിൽ 3 തവണയായി 10 ദിവസം കിടത്തിച്ചികിത്സ നടത്തിയിട്ടും വേദന കുറയാതെ വന്നതോടെ അച്ഛൻ തന്നെ മുള്ള് പുറത്തെടുത്തു. എക്സ്റേയും ശസ്ത്രക്രിയയും കഴിഞ്ഞു വീട്ടിലെത്തിയിട്ടും മകൻ വേദന കൊണ്ടു പുളയുന്നതു കണ്ട് അച്ഛൻ ചെറിയൊരു കത്രികയെടുത്ത് തൊട്ടുനോക്കിയപ്പോൾ പുറത്തുവന്നത് ഒന്നര സെന്റിമീറ്റർ നീളമുള്ള മുള്ള്.  മുള്ള് തറച്ച ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ചു വീട്ടുകാർ പരാതി നൽകാനൊരുങ്ങുന്നു. 

അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജൻ വിനീത ദമ്പതികളുടെ മകൻ നിദ്വൈതിനാണ് ഈ ദുർഗതി. അഞ്ചുകുന്ന് വിദ്യാനികേതൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ നിദ്വൈതിനെ കാലിൽ മുള്ള് തറച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണു മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചത്. അന്ന് ഡോക്ടറെക്കണ്ട് മരുന്ന് വാങ്ങിപ്പോന്നെങ്കിലും വേദന കുറഞ്ഞില്ല. 6 ന് വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിയെ നാലു ദിവസം കിടത്തിച്ചികിത്സയ്ക്കു വിധേയനാക്കി.

കാൽപാദത്തിൽ എന്തോ തറച്ചതായി എക്സ്റേയിൽ കാണുന്നുണ്ടെന്നും, അത് എടുക്കാൻ അവിടെ സംവിധാനമില്ലെന്നും പറഞ്ഞ് ഈ മാസം 10നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പറഞ്ഞുവിട്ടു. വീട്ടിൽ പോലും പോകാതെ അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. എക്സ്റേയിൽ കണ്ട മുള്ള് പുറത്തെടുക്കാൻ പിറ്റേന്നു തന്നെ ശസ്ത്രക്രിയയും നടത്തി. 6 ദിവസത്തെ കിടത്തിച്ചികിത്സയ്ക്കു ശേഷം 17 ന് തിരിച്ച് വീട്ടിലെത്തിയിട്ടും വേദന മാറിയില്ല. ഇനി വേദന വന്നാൽ വീണ്ടും സർജറി നടത്തണമെന്നും പറഞ്ഞാണു ഡിസ്ചാർജ് നൽകിയത്. 

21 ന് രാവിലെ മകൻ വേദന കൊണ്ട് പുളയുന്നതു കണ്ടുനിൽക്കാനാകാതെ പിതാവു രാജൻ കാലിലെ കെട്ടഴിച്ചു നോക്കിയപ്പോൾ ശസ്ത്രക്രിയ നടത്തിയ സ്ഥലത്തു നിന്ന് അൽപം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തളളി നിൽക്കുന്നതായും കണ്ടു. പഴുപ്പ് തുടച്ചു മാറ്റിയ ശേഷം, പൊന്തി നിൽക്കുന്ന വസ്തു ചെറിയ കത്രിക ഉപയോഗിച്ച് ഇളക്കിയപ്പോൾ മുളയുടെ മുള്ള് പുറത്തുവന്നുവെന്നും വീട്ടുകാർ പറയുന്നു. അതേ സമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്നു മാനന്തവാടി ഗവ. മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button