എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദമാക്കും- മന്ത്രി മന്ത്രി വീണാ ജോർജ്

കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളും 2022-’23 കാലഘട്ടത്തിൽ മാതൃ-ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ‘ലക്ഷ്യ’ മാനദണ്ഡപ്രകാരം പുതുക്കിപ്പണിത പ്രസവമുറി, ശിശുരോഗവിഭാഗം ഐ സി യു എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

‘‘മാതൃ-ശിശു മരണനിരക്ക് ഏറ്റവുംകുറവുള്ള സംസ്ഥാനമാണ് കേരളം. കോട്ടപ്പറമ്പ് ആശുപത്രി ഇപ്പോൾത്തന്നെ മാതൃ-ശിശു സൗഹൃദമായിട്ടുണ്ട്. ഇക്കാര്യത്തിൽ 90 ശതമാനത്തിലേറെ സ്കോർ നേടിയിട്ടുണ്ട്. ഇവിടെ വന്ധ്യാതാചികിത്സാകേന്ദ്രം യാഥാർഥ്യമാകുമ്പോൾ അത് ഒരു സ്വതന്ത്രയൂണിറ്റായി മാറ്റാനാണ് ആലോചിക്കുന്നത്’’ -മന്ത്രി പറഞ്ഞു. ശിശുരോഗവിഭാഗം ഐ സി യു  1.86 കോടിയും പ്രസവമുറി 1.40 കോടിയും ചെലവിട്ടാണ് നവീകരിച്ചത്. ആശുപത്രിയിലെ ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാക്കാൻ 72 ലക്ഷവും ചെലവിട്ടു. ഇതിന്റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. മേയർ ഡോ ബീനാ ഫിലിപ്പ് അധ്യക്ഷയായി. കൗൺസിലർ എസ് കെ  അബൂബക്കർ, ഡി എം ഒ, ഡോ വി  ഉമ്മർ ഫാറൂക്ക്, ആശുപത്രി സൂപ്രണ്ട് ഡോ എം സുജാത, ഡോ കെ  അബ്ബാസ്, ഡോ സി കെ  ഷാജി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!