രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ പുതിയ മുഖങ്ങളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാടിന്റെ പടിഞ്ഞാറ് ഭാഗത്തെ മേഖലയുടെ അനൗദ്യോഗിക പേരായ കൊങ്കുനാടിനെക്കുറിച്ച് ചര്‍ച്ച കൊഴുത്തത്. പുതിയ മന്ത്രി എല്‍ മുരുകനെ കൊങ്കുനാട് സ്വദേശിയെന്നാണ് പട്ടികയില്‍ പരാമര്‍ശിച്ചത്. ഇതിന് തുടർച്ചയായി തമിഴ്‌നാടിനെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ചർച്ചകൾ ശക്തമാകാൻ കാരണമായി. ഇത്തരം തന്ത്രങ്ങളിലൂടെയുള്ള ‘അന്‍ജഡ’ വിജയിക്കില്ലെന്നാണ് ഭരണപക്ഷമായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നിലാട് എടുത്തത്.
കൊങ്കുനാട്
‘കൊങ്കുനാട്’ എന്നത് ഏതെങ്കിലും പ്രദേശത്തിന് ഔദ്യോഗികമായി നല്‍കിയ പേരല്ല. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയെ വിശേഷിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണിത്. തമിഴ് സാഹിത്യത്തില്‍ പുരാതന തമിഴ്നാട്ടിലെ അഞ്ച് പ്രദേശങ്ങളില്‍ ഒന്നായി കൊങ്കുനാടിനെ പരാമർശിച്ച് വരുന്നു. ‘കൊങ്കുനാട്’ പ്രത്യേക പ്രദേശമായി സംഘകാല സാഹിത്യത്തിലും പ്രയോഗങ്ങളുണ്ട്.
നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, കരൂര്‍, നാമക്കല്‍, സേലം എന്നീ ജില്ലകളും ഡിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ചത്രം, വേദസന്ദൂര്‍ മേഖലയും ധര്‍മപുരി ജില്ലയിലെ പപ്പിരേഡിപ്പട്ടി എന്നിവ ഉള്‍പ്പെടുന്ന പ്രദേശത്തെ സൂചിപ്പിക്കാന്‍ ഈ പദം തമിഴ്നാട്ടില്‍ അനൗപചാരികമായി ഉപയോഗിക്കുന്നു. ഈ ജില്ലകളില്‍ ഗണ്യമായ സാന്നിധ്യമുള്ള കൊങ്കു വെള്ളാള ഗൗണ്ടര്‍ എന്ന ഒബിസി വിഭാഗവും ഉണ്ട്.
നാമക്കല്‍, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രമുഖ ബിസിനസ്, വ്യവസായ കേന്ദ്രങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. എ.ഐ.എ.ഡി.എം.കെ ശക്തികേന്ദ്രമായാണ് ഈ മേഖല കണക്കാക്കപ്പെടുന്നത്. അവർ ബി.ജെ.പിക്ക് ഒപ്പമാണിപ്പോൾ. മാത്രമല്ല, സംസ്ഥാനത്ത് ബി.ജെ.പിയുടെ പരിമിതമായ സ്വാധീനം ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
ഓരോ ആളുടെയും സ്ഥലത്തിന്റെയും സംസ്ഥാനത്തിന്റെയും പേരുകള്‍ സഹിതമാണ് പുതിയ മന്ത്രിമാരുടെ പട്ടിക ബിജെപി പുറത്തുവിട്ടത്. പട്ടികയില്‍ എല്‍ മുരുകനെ തമിഴ്‌നാട്ടിലെ കൊങ്കുനാടില്‍ നിന്നുള്ള എന്നാണു പരാമര്‍ശിക്കുന്നത്. പ്രാദേശികത കൂടി ഊതി വീർപ്പിക്കുന്ന തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. ഈ തന്ത്രം തമിഴ് നാട്ടിൽ വിലപ്പോകുമോ എന്നതാണ് കാണാനുള്ളത്.
സംസ്ഥാനത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവായപ്പോള്‍, ചില ബിജെപി ഹാന്‍ഡിലുകള്‍ ‘കൊങ്കുനാട്’ എന്ന ആശയത്തെ പിന്തുണച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തിന്റെ ഭാഗമായ നേടിയ സീറ്റുകള്‍ ഒഴികെ ബിജെപിക്കു വളരെ കുറഞ്ഞ സാന്നിധ്യമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്.
എന്തു സംഭവിക്കും
ജി.ഡി.പിയിൽ രണ്ടാം സ്ഥാനത്താണ് തമിഴ് നാട്. ഈ സ്ഥാനം നഷ്ടമാവും
ചെന്നൈ കഴിഞ്ഞാൽ ഏറ്റവും നഗര വൽകൃത പ്രദേശമാണ് കൊങ്കുനാട് ഉൾപ്പെടുന്നത്
മേട്ടൂർ ഡാം തമിഴ്നാട്ടിലെ ഏറ്റവും വലിയ ജല ശൃംഗലയാണ്. ഇത് കൊങ്കുനാടിൽ ഉൾപ്പെടുന്നതോടെ ജല വിഭജനവുമായി ബന്ധപ്പെട്ട് ഇരു ദേശങ്ങളും തമ്മിൽ നിലക്കാത്ത തർക്കങ്ങൾ ഉയരും
വരുമാനം വിഭജിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ വികസനത്തെ ബാധിക്കും
കൊങ്കു നാട് തീരദേശമില്ലാത്ത വ്യവസായ കേന്ദ്രമാവും. ചരക്കു നീക്കം പ്രതിസന്ധിയിലാവും. ഇതും തർക്കത്തിലേക്ക് നയിക്കും.
പ്രത്യേകമായ ഒരു വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള ഭരണ വ്യവസ്ഥ ഉയർത്തി വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിലേക്ക് വരാം
തമിഴ് ജനത എന്ന വികാരത്തെ തന്നെ പകുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം
ആസൂത്രിതമായ വിഭജനം
തെലങ്കാനയില്‍ നിന്നോ ഉത്തരാഖണ്ഡില്‍നിന്നോ വ്യത്യസ്തമായി തമിഴ്നാടിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക കൊങ്കുനാടിനെക്കുറിച്ച് ഒരിക്കലും ആവശ്യമോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. അതിനാല്‍, സംവാദത്തിനു രാഷ്ട്രീയമോ സാമൂഹികമോ ആയ പശ്ചാത്തലമുണ്ടായിരുന്നില്ല.
കേന്ദ്ര സർക്കാരിനെ പരാമർശിക്കുമ്പോൾ മാധിയ അരസു (കേന്ദ്രസര്‍ക്കാര്‍) എന്നതിനു പകരം ഒണ്‍ട്രിയ അരസു (യൂണിയന്‍ സര്‍ക്കാര്‍) എന്ന പദം ഉപയോഗിക്കാനുള്ള ഡിഎംകെയുടെ ഉറച്ച നിലപാടിനുള്ള ബിജെപിയുടെ എതിര്‍പ്പായിട്ടും ഈ വിഭജന ശ്രമത്തെ കാണുന്നവരുണ്ട്.
അടിയന്തര പദ്ധതി ഉണ്ടെന്ന് കരുതുന്നില്ല. അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വിത്ത് പാകുകയാണ്. സംവാദത്തിന് തുടക്കമിട്ടു. ഇനിമുതല്‍ ‘കൊങ്കുനാട്’ ആവശ്യപ്പെടുന്നത് ഒരു പുതിയ പ്രശ്‌നമാകില്ല,” മുന്‍ എ.ഐ.എ.ഡി.എം.കെ മന്ത്രി പറഞ്ഞു. ‘കൊങ്കുനാട്’ എന്ന ആശയം വോട്ടിനായി ബി.ജെ.പി ലക്ഷ്യമിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍, ബിജെപിക്കും ആര്‍എസ്എസിനും എന്തെങ്കിലും സാന്നിധ്യമുള്ള ഒരേയൊരു പ്രദേശമാണിത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി ബി.ജെ.പി നേടിയ നാല് സീറ്റില്‍ രണ്ടെണ്ണം പശ്ചിമ തമിഴ്നാട്ടിലായിരുന്നു.
സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കമെന്ന ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയുടെയും ഉത്തര്‍പ്രദേശിന്റെയും വിഭജനത്തെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നു.
”വള്ളനാട് എന്റെ പ്രദേശത്തിനടുത്താണ്. വരുസനാട് തേനിക്ക് സമീപമാണ്. ഈ നാടുകളില്‍നിന്ന് നമുക്ക് സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമോ? കൊങ്കുനാട് സംവാദത്തെ ഡിഎംകെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? എല്ലാം തമിഴ്നാടാണ്, അതേക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല,” ബിജെപി നിയമസഭാ കക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
”അതേസമയം, ആന്ധ്രാപ്രദേശിനെയെും യുപിയെയും രണ്ടായി വിഭജിച്ചത് ഓര്‍ക്കുക. എല്ലാത്തിനുമുപരി അത് ജനങ്ങളുടെ ആഗ്രഹമാണെങ്കില്‍, അത് നിറവേറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കും,” അദ്ദേഹം പറഞ്ഞു.
ഒന്‍ട്രിയ അരസു (യൂണിയന്‍ സര്‍ക്കാര്‍)വിനെക്കുറിച്ച് സംസാരിക്കുന്നത് അവരുടെ ആഗ്രഹമാണെങ്കില്‍, ഇതിനെ ‘കൊങ്കുനാട്’ എന്ന് വിളിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്,” തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പറഞ്ഞു.
തമിഴ്നാടിനെ വിഭജിക്കുകയെന്ന് അസാധ്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.” അത് സംഭവിക്കുകയാണെങ്കില്‍, അതൊരു കീഴ്‌വഴക്കം സൃഷ്ടിക്കുകയും നിരവധി സംസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. തമിഴ്നാടിനെ വിഭജിക്കുന്നത് അസാധ്യമായ സ്വപ്നമാണ്. നിക്ഷിപ്ത താല്‍പ്പര്യമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോലും . ഈ അജന്‍ഡ വിജയിക്കില്ല. അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,” അളഗിരി പറഞ്ഞു.
ഇത്തരം ദുഷ് ശബ്ദങ്ങള്‍ സര്‍ക്കാര്‍ മുളയിലേ നുള്ളണമെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) തലവന്‍ ടിടിവി ദിനകരന്‍ പറഞ്ഞു. പുതിയ സംസ്ഥാനത്തിനു വേണ്ടി ഒരു ജനവിഭാഗവും ആവശ്യമുയർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിഭജയിക്കുന്നതിനെക്കുറിച്ച് സംവാദങ്ങള്‍ക്ക് തുടക്കമിടുന്നതിനെ എ.ഐ.എ.ഡി.എം.കെ നേതാവ് പി മുനുസാമിയും അപലപിച്ചു.
CALICUT POST SPECIAL