ഹൃദയ സ്പന്ദനങ്ങള്‍, പ്രകാശിതമാകുന്നു

കൊയിലാണ്ടി: ശരണ്യ ആനപ്പൊയിൽ എഴുതിയ കവിതകളായ ‘ഹൃദയ സ്പന്ദനങ്ങൾ’ പ്രകാശിതമാകുന്നു.
മാര്‍ച്ച് ആറിന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ ശരണ്യയുടെ കവിതാ സമാഹാരം, ഡോ.സോമന്‍ കടലൂരും, ആര്യ ഗോപിയും ചേര്‍ന്ന് പ്രകാശനം ചെയ്യും.

പേരാമ്പ്രയിലെ സ്വകാര്യ കോളേജില്‍ ബീകോമിന് പഠിച്ചു കൊണ്ടിരിക്കുമ്പോൾ സെറിബ്രല്‍ അറ്റാക്‌സിയ രോഗത്തിന് ഇരയായതാണ് ശരണ്യ. സംസാരിക്കുന്നതിനും എഴുതുന്നതിനും തുടങ്ങിയ ബുദ്ധിമുട്ട് ക്രമേണ നടക്കാനുള്ള പ്രയാസമായി വളർന്നു. ഇതോടെ പഠനം മുടങ്ങി. ശരണ്യയുടെ ലോകം പിന്നീട് വീട് മാത്രമായി. മൊബൈല്‍ ഫോണില്‍ കുത്തിക്കുറിച്ച വരികള്‍ തന്റെ സ്വപ്‌നങ്ങളാണെന്ന് ശരണ്യ പറയുന്നു. മനസ്സാം വിപഞ്ചിയിൽ മൗനരാഗമായി കവിതകൾ പിറക്കുന്നു. തന്റെ ഒറ്റപ്പെടലും,വേദനയും,സ്വപ്‌നങ്ങളുമെല്ലാം കവിതകളായി പങ്കു വെക്കുന്നു. അവയെല്ലാം കവിതകളായത് അവള്‍ പോലും അറിഞ്ഞിരുന്നില്ല. സൗഹൃദം, പ്രണയം, രാഷ്ട്രീയം എന്നിവയെല്ലാം കവിതയ്ക്ക് വിഷയമായിട്ടുണ്ട്.

അഞ്ച് വര്‍ഷമായി കവിതകള്‍ എഴുതാന്‍ തുടങ്ങിയിട്ട്. ഫോണിലാണ് എല്ലാം എഴുതിയിരുന്നത്. ഫോണ്‍ കേടായപ്പോള്‍ പല കവിതകളും നഷ്ട്ടമായെന്ന് ശരണ്യ പറയുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയില്‍ സ്ഥിരതാമസക്കാരനായ ചെങ്ങന്നൂര്‍ സ്വദേശിയായ വിജയകുമാര്‍ നായരെന്ന വലിയ മനുഷ്യനാണ് കവിതകള്‍ പുസ്തക രൂപത്തിലാക്കാന്‍ സഹായിച്ചതെന്നും ശരണ്യ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. എല്ലാ ചെലവുകളും വഹിച്ചത് അദ്ദേഹമാണ്. വിജയകുമാരന്‍ നായരെ നേരില്‍ കാണണമെന്ന ആഗ്രഹത്തിലാണിപ്പോൾ അവൾ.

കാരയാട് ആനപ്പൊയില്‍ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ്. കാരയാട്, കൊഴുക്കല്ലൂര്‍,മേപ്പയ്യൂര്‍,വാകയാട് എന്നിവിടങ്ങളിലെ സ്കൂളുകളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. അതിന് ശേഷം ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ബികോം പഠനം രണ്ടാവര്‍ഷമെത്തിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ചികില്‍സകള്‍ പലതും ചെയ്തു. ഇപ്പോള്‍ ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലാണ് തുടർ ചികില്‍സകൾ നടക്കുന്നത്.

Comments
error: Content is protected !!