സൈക്കിൾ ചക്രങ്ങളും ചോരച്ചായങ്ങളും കൊണ്ട് വരച്ചെടുത്ത ചിത്രങ്ങൾ മുഴുവനാക്കിയില്ല; ശിവാനന്ദൻ യാത്രയായി

തൊട്ടും തലോടിയും സൈക്കിൾ ചക്രങ്ങളെ ഉണർത്താൻ ഇനി ശിവാനന്ദൻ ഉണ്ടാവില്ല. ശനിയാഴ്ച കാലത്ത് ഒരു കാലൻ തീവണ്ടിക്കു മുമ്പിൽ ചിതറിത്തെറിച്ചു പോയത് സൈക്കിൾ ചക്രങ്ങളെപ്പോലെ കറങ്ങിത്തിരിഞ്ഞ ഒരു ജീവിതമാണ്; ബാക്കിയായത് കുറേ സ്വപ്നങ്ങളും……

താൻ ഒരു ചിത്രകാരനാണെന്നും തനിക്കും മറ്റുകലാകാരന്മാരെ പോലെ ചിത്രപ്രദർശനങ്ങൾ സാദ്ധ്യമാണെന്നും ശിവാനന്ദന് വിശ്വാസമുണ്ടായിരുന്നില്ല. ജീവിതത്തിന്റെ മടുപ്പുകളിൽ  എ ഫോർ ഷീറ്റുകളിൽ പരുക്കൻ നിറങ്ങൾ കൊണ്ട് താൻ എന്തൊക്കെയോ കോറി വരക്കുന്നു. അത് ആരെങ്കിലും കാണണമെന്നോ നല്ല രണ്ട് വാക്കിൽ ഒരഭിനന്ദനം കേൾക്കണമെന്നോ ആഗ്രഹിക്കാൻ ശിവാനന്ദന് കഴിയുമായിരുന്നില്ല. അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ കലിക്കറ്റ് പോസ്റ്റിൽ പ്രസിദ്ധീകരിച്ചു വന്ന ഒരു ഫീച്ചറിലൂടെയാണ് ശിവാനന്ദൻ ഒരു കലാകാരനാണ് എന്ന് പുറംലോകമറിഞ്ഞത്.

ശ്രദ്ധ ആർട് ഗ്യാലറിയിൽ നടന്ന 20 ചിത്രകാരന്മാരുടെ ‘മൺസൂൺ ഷോ’ യിൽ ഒരു ചിത്രം ശിവാനന്ദന്റേതായിരുന്നു. ശ്രദ്ധേയമായിരുന്നു ആ രചനാ രീതി. അഭിനന്ദന പ്രവാഹമുണ്ടായപ്പോൾ, ശിവാനന്ദന്റെ മനസ്സിലും ആഗ്രഹങ്ങൾ കിളിർത്തു. തന്റേതായ ഒരു സോളോ പ്രദർശനം ആർട് ഗ്യാലറിയിൽ നടത്തണം. അതിന് വേണ്ടി ചിത്രങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു ശിവാനന്ദൻ. പത്തിരുപതോളം ചിത്രങ്ങൾ ഇതിനിടയിൽ വരച്ചു. ഒരു പത്ത് ചിത്രങ്ങൾ കൂടി വരച്ച ശേഷം അവയെല്ലാം ഫ്രെയിം ചെയ്യണം. എന്നിട്ട് വേണം പ്രദർശനമൊരുക്കാൻ.

അതുവരെ കാത്തിരിക്കാൻ പക്ഷേ ദുർവിധി അദ്ദേഹത്തെ അനുവദിച്ചില്ല. സോഡിയം കുറയുന്നതു മൂലമുള്ള മതിഭ്രമങ്ങളിൽ പെട്ട് ചികിത്സയിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയിലധികമായി ശിവാനന്ദൻ. ഇന്ന് കാലത്ത് ആ ഭ്രമ ചിന്തകൾക്കറുതിയായി; റെയിൽവേസ്റ്റേഷൻ റോഡിലെ ആ സൈക്കിൾക്കട തുറക്കാൻ ഇനി ശിവാനന്ദേട്ടൻ വരില്ല.

അന്താരാഷ്ട്ര സൈക്കിൾ ദിനമായ 2022 ജൂൺ മൂന്നിന് കലിക്കറ്റ് പോസ്റ്റ് ശിവാനന്ദനെക്കുറിച്ച്  പ്രസിദ്ധീകരിച്ച ഫീച്ചറും മൺസൂൺ ഷോയിലെ ശിവാനന്ദന്റെ ചിത്രവും വാർത്തയും ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു

ജീവിതം സൈക്കിൾ ചക്രങ്ങൾ പോലെ കറങ്ങിത്തിരിയുമ്പോഴും പരിഭവങ്ങളില്ലാതെ, സൈക്കിളിൽ സ്വന്തം ജീവിതം വരച്ചെടുക്കുകയാണ് ശിവാനന്ദൻ

അതിവേഗമോ അതിമോഹമോ ഒന്നുമില്ലാതെ ഇപ്പോഴും തന്റെ സൈക്കിൾ ഷാപ്പിലിരുന്ന് സൈക്കിളുകളുടെ കേടുപാടുകൾ തീർക്കുകയാണ് കോതമംഗലത്തെ കുന്നത്ത് പറമ്പത്ത് ശിവാനന്ദൻ. സൈക്കിളുകളുടെ കറക്കം പോലെ തന്നെയാണ് ശിവാനന്ദേട്ടന്റെ ജീവിതവും. വട്ടത്തിൽ കറങ്ങി നീളത്തിൽ പായുകയാണത്. അറുപത്തി ഒമ്പതാമത്തെ വയസ്സിൽ തിരിഞ്ഞു നോക്കുമ്പോഴും നിരാശയൊന്നുമില്ല. കാരണം ആ മനസ്സിൽ അതിമോഹങ്ങളും അതിവേഗങ്ങളും അഹന്തയുമൊന്നും ഒരു കാലത്തും കൂടുവെച്ചിരുന്നില്ല. ആത്മാഭിമാനത്തോടെ ഉള്ളത്കൊണ്ട് ഓണം പോലെ ജീവിക്കണം. അത്രതന്നെ. തന്റെ ചുറ്റിലുമായി ചിതറിക്കിടക്കുന്ന സൈക്കിൾ റിമ്മുകളും ടയറുകളും ഹാന്റിലുകളും ഫ്രീവീലുകളും ഒക്കെ നിറഞ്ഞ ഒരു ലോകത്ത് നിരാശയേതുമില്ലാതെ ശിവാനന്ദൻ ജീവിക്കുന്നു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴേ അവനവന്റെ അപ്പത്തിനായി തൊഴിൽ തേടിയിറങ്ങിയതാണ്. ജീവിക്കാനുള്ള വക തന്നത് അന്ന് പെട്ടിക്കടകളിലെ സഹായപ്പണികളായിരുന്നു. അങ്ങിനെയാണ് വിക്ടറി ടാക്കീസ് പരിസരത്ത് പെട്ടിക്കട നടത്താൻ തുടങ്ങിയത്.

വിക്ടറി ടാക്കീസും മതിലുകളും അതിരുകളുമില്ലാതെ പരന്നു കിടന്ന മൈതാനവും കൊയിലാണ്ടിയുടെ ഐക്കണായിരുന്നു ഒരു കാലം. മൈതാനത്ത് പന്തുകളിസംഘങ്ങളും വൈകുന്നേരങ്ങളിൽ വെറുതെയിരുന്ന് വെടി പറയാനെത്തുന്നവരും അസ്ഥിത്വദുഃഖം പേറുന്ന ചെറുപ്പക്കാർ, സാധു ബീഡി വലിക്കാനും കവിത ചൊല്ലാനുമൊക്കെയായി കൂട്ടം കൂടുന്നതും ഈ മൈതാനത്തായിരുന്നു. വങ്കണച്ചോട്ടിലെ തെരുവുവേശ്യകൾ ഇരകളെത്തേടി വൈകുന്നേരങ്ങളിൽ മൈതാനത്തേക്കിറങ്ങും. സ്വവർഗ്ഗരതിക്കാർ ഇരകളായ കുട്ടികളെ സംഘടിപ്പിച്ച് മൈതാനത്തിന്റെ ഇരുണ്ട മൂലകളിൽ ചെന്നിരിക്കും. വിക്ടറി ടാക്കീസിൽ നിന്ന് “ജ്ഞാനപ്പഴത്തെപ്പിളുന്ത സാമിയാരാ …..” എന്ന പതിവു കീർത്തനമുയരുമ്പോൾ അവരൊക്കെ ടാക്കീസിലോട്ട് നടന്നു പോകും. അതിനിടയിൽ ബീഡിയും മുറുക്കാനും നാടൻ പലഹാരങ്ങളുമൊക്കെ വാങ്ങും. അന്നും പ്രധാന ഗുണഭോക്താക്കൾ ബോയ്സ് സ്കൂളിലെ കുട്ടികൾ തന്നെ. നിലക്കടലയും പൊട്ടുകടലയും ഐസ് ഉരച്ച് സർബ്ബത്ത് ചേർത്ത ഫ്ലാഷും, പഴം കുത്തിയിടിച്ച, ഫ്ലാഷുമൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ ഇഷ്ടവിഭവങ്ങൾ. അന്നും മെക്കാനിക്ക് പണികളും ചിത്രരചനയും വലിയ ആഗ്രഹങ്ങളായി മനസ്സിൽ ഉറങ്ങിക്കിടന്നിരുന്നു. അങ്ങിനെയാണ് മോട്ടോർ മെക്കാനിക്ക് ഷാപ്പിൽ കുറച്ചുകാലം ജോലിക്ക് നിന്നത്. പണി പഠിക്കാമെന്നല്ലാതെ കൂലിയൊന്നും കിട്ടില്ല. റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു സൈക്കിൾ ഷാപ്പിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു പോന്നു.


കഴിഞ്ഞ 40 വർഷത്തിലധികമായി കാൽ വണ്ടികളുടേയും അരവണ്ടികളുടേയും മുക്കാൽ വണ്ടികളുടേയും ഒക്കെ ലോകത്താണ് ശിവാനന്ദൻ ജീവിച്ചത്. ഇപ്പോൾ സൈക്കിളേയുള്ളൂ. അരയും മുക്കാലുമൊന്നുമില്ല. ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ വാടകക്ക് കൊടുക്കലും അവ റിപ്പെയർ ചെയ്യലുമായിരുന്നു തൊഴിൽ. കുട്ടികളോട് നക്കാപ്പിച്ചയാണ് വാടകയായി കിട്ടുക. ചില വിരുതന്മാർ അത് പോലും തരാതെ മുങ്ങും. ചുരുങ്ങിയ കാലം കൊണ്ട് വണ്ടിയുടെ പരിപ്പിളകും. അവ റിപ്പയർ ചെയ്ത് കണ്ടീഷനാക്കും. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ സൈക്കിളുകൾ ഇറക്കും. എങ്കിലേ കുട്ടികളെ ആകർഷിക്കാൻ കഴിയൂ. മുതിർന്നവരും അന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള സ്ഥലങ്ങളിലൊക്കെപ്പോകാൻ സൈക്കിൾ വാടകക്കെടുക്കും. കച്ചവടക്കാർ ദിവസ വാടകക്കും മാസവാടകക്കുമൊക്കെ സൈക്കിൾ വാടകക്കെടുക്കും. എ ടി കണാരൻ, ജനതാ കായറ്റിക്ക, (ജേസീസ്) ജയഭാരത്, പ്രസീത എന്നിവയൊക്കെയായിരുന്നു കൊയിലാണ്ടിയിലെ അന്നത്തെ പ്രമുഖ സൈക്കിൾ ഷാപ്പുകൾ.

കാലം കടന്നുപോയപ്പോൾ നഗരത്തിൽ പതിയെ ഓട്ടോ റിക്ഷകൾ ഓടാൻ തുടങ്ങി. പ്രമാണികൾ മാത്രം ഉപയോഗിച്ചിരുന്ന എസ്‌ഡി ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പകരം ഇടത്തരക്കാർ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾ പ്രചാരത്തിലായി. അതോടെ സൈക്കിൾ, മത്സ്യ കച്ചവടക്കാരുടേയും പത്ര വിതരണക്കാരുടേയുമൊക്കെ വാഹനമായി ചുരുങ്ങി. പിന്നീടതും ബൈക്കുകളിലായി. കുട്ടികൾക്ക് വാടകക്ക് സൈക്കിൾ വേണ്ടാതായി. അച്ഛനമ്മമാർ എത്ര പാവപ്പെട്ടവരാണെങ്കിലും, സ്വന്തം മക്കൾക്ക് എങ്ങിനെയെങ്കിലും ഒരു സൈക്കിൾ വാങ്ങിക്കൊടുക്കുന്നത് നാട്ടുനടപ്പായി. വലിയവർ സൈക്കിൾ തിരിഞ്ഞു നോക്കാതായി. അതിനിടയിൽ ശിവാനന്ദന്റെ ജീവിതവും കറങ്ങിത്തിരിഞ്ഞ് മുന്നോട്ടു പോയി. വിവാഹവും രണ്ട് പെൺകുട്ടികളുടെ ജനനവും അവരെ പഠിപ്പിക്കലും വിവാഹം കഴിച്ചയക്കലുമൊക്കെ മുറപോലെ നടന്നു. സൈക്കിൾ വാടകക്ക് കൊടുക്കലൊക്കെ നിലച്ചെങ്കിലും റിപ്പയറിംഗ് ശിവാനന്ദൻ ഉപേക്ഷിച്ചില്ല. ഹെർക്കുലിസും ഹീറോയും ഏ-വണ്ണും റയ്‌ലിയും ഒക്കെ റിപ്പയർ ചെയ്യും. ഇപ്പോൾ ആധുനിക ടെക്നോളജിയുള്ള പലതരം സാങ്കേതിക വിദ്യകളും ഗീറുകളുമൊക്കെയുള്ള സൈക്കിളുകളുമുണ്ട്. പക്ഷേ അവയിലൂടെ തന്റെ സ്പാനറുകൾ ഓടിയാൽ, ഒന്നു തലകൊടുത്താൽ ഏത്‌ സൈക്കിളും റിപ്പയർ ചെയ്യാം എന്ന ആത്മവിശ്വാസം ശിവാനന്ദനുണ്ട്. ഇടക്കൊക്കെ വരുന്ന വിദേശ സൈക്കിളുകളും കേടുപാടുകളുമായി വന്നാൽ ശിവാനന്ദൻ ഒരു കൈ നോക്കും. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞ് അറുപത്തിയൊമ്പതിലെത്തിയപ്പോഴും തന്റെ സ്വതസിദ്ധമായ പതിഞ്ഞ താളത്തിൽ ജീവിതത്തിന് കുറുകെ ആരോടും പരിഭവങ്ങളില്ലാതെ അദ്ദേഹം തന്റെ സൈക്കിളിൽ സഞ്ചരിക്കുന്നു.

ജീവിതം മൊട്ടിട്ടു തുടങ്ങിയ കാലത്ത് മനസ്സിൽ പതിഞ്ഞ വർണ്ണങ്ങളും ദൃശ്യങ്ങളും ആശയങ്ങളും ക്യാൻവാസിൽ പകർത്തണമെന്ന ആഗ്രഹം ആരോടെങ്കിലും തുറന്നു പറയാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ജീവിതത്തിന്റെ ഇടവേളകളിൽ ശിവാനന്ദൻ ബ്രഷും ചായവും കയ്യിലെടുക്കുന്നു. ചിത്രകല ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മനോഹരമായ ചിത്രങ്ങൾ പിറവിയെടുക്കുന്നു. അവ തന്റെ സൈക്കിൾ ഷാപ്പിലെ അലമാരകളിൽ, ചിതറിക്കിടക്കുന്ന സ്പെയർ പാർട്ടുകൾക്കും ഓയിലിനുമിടയിൽ അവിടെയും ഇവിടേയുമായി കിടക്കുന്നുണ്ട്. “ഇതൊക്കെ മനോഹരമായ ചിത്രങ്ങളാണല്ലോ ശിവാനന്ദേട്ടാ” എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് സന്തോഷം നിറയുന്നത്, ഒരു മന്ദഹാസം വിരിയുന്നത് തികഞ്ഞ ആഹ്‌ളാദാദരങ്ങളോടെ ഞാൻ കണ്ടു.

തൊട്ടടുത്ത ശ്രദ്ധ ആർട് ഗ്യാലറിയിൽ പല ചിത്രകാരന്മാരുമായും പ്രദർശനങ്ങൾ നടക്കുമ്പോൾ ചിത്രങ്ങളെ സസൂഷ്മം കണ്ടു നിൽക്കുന്ന ശിവാനന്ദേട്ടനെ കണ്ടിട്ടുണ്ട്. നമുക്കിവിടെ ഒരു പ്രദർശനം നടത്തണമെന്ന് പറഞ്ഞപ്പോൾ പത്തോളം ചിത്രങ്ങൾ വരച്ചത് കയ്യിലുണ്ട്. ഇനിയും കുറച്ചെണ്ണം വരക്കാം. എന്നായിരുന്നു മറുപടി. തനിക്കുമത് കഴിയും എന്ന ആത്മവിശ്വാസം ആ മുഖത്തുണ്ടായിരുന്നു.
അന്താരാഷ്ട സൈക്കിൾ ദിനത്തിൽ അദ്ദേഹം പറയുന്നു. ആരും ഈ സൈക്കിളിനെ കൈവിടരുത്. അന്തരീക്ഷത്തിൽ വിഷം നിറക്കുന്ന ഈ മോട്ടോർ വാഹനങ്ങൾ പരമാവധി കുറച്ച്, അത്യാവശ്യ യാത്രകൾക്കൊക്കെ സൈക്കിൾ ഉപയോഗിച്ചാൽ അതെത്ര നല്ലതായിരിക്കും; നാടിനും നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും. ഞങ്ങളൊക്കെ ഇങ്ങനെയങ്ങ് പോകും. അപ്പോഴും നമ്മുടെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കേണ്ടേ?

 

തിരുവാതിരയുടെ മഴപ്പെയ്ത്ത് പുറത്ത്; അകത്ത് ആർദ്രതയും ഉർവരതയും പെയ്തിറങ്ങുന്ന ചിത്രങ്ങൾ

ഏറെ സന്തോഷം തോന്നിയത് കെ കെ ശിവാനന്ദന്റെ രചനയാണ്. ജാമിതീയ രൂപങ്ങളിൽ കുടുംബത്തിന്റെ-സ്ത്രീയുടെ-വിഹ്വലതകൾ ആവിഷ്കരിച്ചതാണ് അദ്ദേഹത്തിന്റെ രചന. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത, സൈക്കിൾ കട നടത്തി ഉപജീവനം കഴിക്കുന്ന, ജീവതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മനുഷ്യനാണ് ശിവാനന്ദൻ. അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ആർട്ടിക്കിൾ തയാറാക്കുന്നതിന് വേണ്ടി സമീപിച്ചപ്പോഴാണ് അദ്ദേഹം നല്ലൊരു ചിത്രകാരൻ കൂടിയാണ് എന്ന് മനസ്സിലായത്. ജീവിതത്തിന്റെ മടുപ്പിക്കുന്ന ഇടവേളകളിൽ കത്തുന്ന തീച്ചൂടുള്ള രചനകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. പക്ഷേ ചിത്രരചനക്കാവശ്യമായ സങ്കേതങ്ങളെല്ലാം അദ്ദേഹത്തിന് അചിന്ത്യമായ ദൂരത്താണ്. നല്ല ബ്രഷുകളോ, ചായങ്ങളോ ക്യാൻവാസോ ഒന്നും കയ്യിലില്ല. സാധാരണ എ ഫോർ കടലാസിൽ കുട്ടിക്കളറുകളും ബ്രഷുകളും കൊണ്ട് വരച്ചെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. സൈക്കിൾ ഷാപ്പിലും വീട്ടിലും കടലാസ് ചുരുളുകളായി അവ ചിതറി കിടക്കുന്നു. വരയ്ക്കണമെന്ന ആഗ്രഹമുണ്ട് ഇപ്പോൾ ശിവാനന്ദേട്ടന്. പറ്റുമെങ്കിൽ ഒരു സോളോ പ്രദർശനം നടത്തണമെന്നും.

Comments
error: Content is protected !!