CRIME
എസ്എസ്ഐയുടെ കൊലപാതകം: പ്രതികളുടെ ബാഗിൽ ഐഎസ് ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ്
തിരുവനന്തപുരം∙ കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുടെ ബാഗിൽ നിന്നു ലഭിച്ചത് ഐഎസ് ബന്ധം വ്യക്തമാകുന്ന കുറിപ്പെന്നു സൂചന. തമിഴ്നാട് നാഷനൽ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാക്കുന്നതാണിതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ സൂക്ഷിക്കാനേൽപിച്ച ബാഗ് ,കസ്റ്റഡിയിൽ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാഭായി എന്നതടക്കം മുന്ന് വരികളാണ് കുറിപ്പിലുള്ളത്. ബെംഗളൂരുവിൽ പിടിയിലായ കാജാ മൊയ്തിനാണ് കുറിപ്പിൽ പറയുന്ന കാജാഭായി എന്ന നിഗമനത്തിലാണ് പൊലീസ്.
സാമുദായിക കലാപങ്ങളടക്കം സ്യഷ്ടിക്കാൻ മതതിവ്രവാദം പ്രചരിപ്പിക്കുന്ന പ്രാദേശികസംഘടനകളെ ഐഎസ് അക്രമങ്ങൾക്ക് ഉപയോഗിക്കുന്നെന്ന രഹസ്യാന്വേഷണ എജൻസികളുടെ റിപ്പോർട്ടിനെ സാധുകരിക്കുന്നതാണ് പുതിയ വിവരങ്ങൾ. കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ ഇത്തരം സംഘടനകൾ ഉപയോഗിക്കുന്നതിനാൽ അക്രമങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സേനകൾക്ക് കഴിയാറില്ല.
എസ്എസ്ഐ കൊലകേസിൽ ക്യുബ്രാഞ്ച് തിരയുന്ന തെറ്റിയോട് പുന്നയ്ക്കാട്ടുവിള സ്വദേശി കംപ്യൂട്ടർ എൻജിനീയറായ സെയ്തലിക്ക് വിദേശതീവ്രവാദസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത് അടുത്തിടെ ക്യുബ്രാഞ്ച് പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിൻെറ അടുത്ത ദിവസമായിരുന്നു കൊലപാതകം.
പരിചയക്കാരോട് മാന്യമായി പെരുമാറുന്ന സെയ്തലിയെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങളുടെ ഞെട്ടലിലാണ് പ്രദേശവാസികൾ. കൊലക്കേസിലെ പ്രധാനപ്രതിയായ തൗഫീക് വിവാഹം ചെയ്തിരിക്കുന്നത് അതിർത്തിക്കടുത്തുള്ള മലയാളിയെയാണ്.
നെയ്യാറ്റിൻകരയിൽ തെളിവെടുപ്പ്
കളിയിക്കാവിളയിൽ എസ്എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികളായ തൗഫീക്കിനെയും അബ്ദുൽ ഷമീമിനേയും തെളിവെടുപ്പിനായി കനത്ത പൊലീസ് ബന്തവസിൽ ഇന്നലെ നെയ്യാറ്റിൻകരയിൽ കൊണ്ടു വന്നു. ബാഗ് കണ്ടെടുക്കാനാണ് ക്യു ബ്രാഞ്ച് പൊലീസ് എത്തിയത്.
ബാഗിൽ നിന്നു കണ്ടെടുത്ത കത്ത്.
വെട്ടാൻ ഉപയോഗിച്ച കത്തി തമ്പാനൂരിൽനിന്നു കണ്ടെത്തി
കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ എഎസ്ഐ വിൽസനെ വെട്ടാൻ ഉപയോഗിച്ച കത്തി തമ്പാനൂരിൽ നിന്നു തമിഴ്നാട് ക്യൂബ്രാഞ്ച് കണ്ടെത്തി. പ്രതികളും നിരോധിത തീവ്രവാദ സംഘടനയിലെ പ്രവർത്തകരുമായ തൗഫിക്ക് , ഷെമീം എന്നിവരുമായി പൊലീസ്തമ്പാനൂർ ബസ് ടെർമിനൽ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണു കത്തി കണ്ടെടുത്തത്.
ചെക്ക്പോസ്റ്റിലെത്തിയ പ്രതികളിലൊരാൾ കസേരയിലിരുന്ന വിൽസനെ മുന്ന് തവണ കുത്തിയ ശേഷമാണ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതിയായ ഷമീം ചൂണ്ടിക്കാട്ടിയ സ്ഥലത്തു പരിശോധിച്ചപ്പോഴാണു കവറിൽ പൊതിഞ്ഞ നിലയിൽ രക്തം പുരണ്ട കത്തി കണ്ടത്. കൊലയ്ക്കു ശേഷം രക്ഷപ്പെടാൻ ബസിൽ കയറി തമ്പാനൂരിൽ എത്തിയ ശേഷമാണു കത്തി ഉപേക്ഷിച്ചത്. എറണാകുളത്തു തോക്കും ഉപേക്ഷിച്ചു. തോക്ക് മിനിയാന്ന് പൊലീസ് കണ്ടെടുത്തു.
കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും കൊലയ്ക്കു മുൻപ് ഇവർ പോയ നെയ്യാറ്റിൻകര ,വിതുര എന്നിവിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു.പൊതുപണിമുടക്കു നടന്ന ദിവസം . നെയ്യാറ്റിൻകരയിൽ കടകൾ തുറക്കാത്തതിനാലാണ് കത്തി വാങ്ങാൻ ബാലരാമപുരത്തേക്ക് പോയതത്രെ. നെയ്യാറ്റിൻകരയിൽ പ്രതികൾ മണിക്കൂറോളം എന്തിനു ചെലവഴിച്ചു, പ്രാദേശികസഹായം ലഭ്യമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യലിൽ വ്യക്തമായേക്കും. ജാഫർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
Comments