രണ്ട് വര്‍ഷം മുന്‍പ് കടൽത്തീരത്ത് കണ്ട മൃതദേഹഭാഗങ്ങൾ; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കോഴിക്കോട്: രണ്ടുവർഷം മുമ്പ് കോഴിക്കോട് കടൽത്തീരങ്ങളിൽനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മലപ്പുറം വണ്ടൂർ പുതിയാത്ത് ഇസ്മയിൽ (48) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്‌റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പോലീസിനു ലഭിച്ചത്. 1991-ൽ മലപ്പുറം പോലീസ് പിടികൂടിയപ്പോൾ ഇസ്മയിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതും മൃതദേഹത്തിൽനിന്നു ലഭിച്ച വിരലടയാളവും ഒത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്.

 

2017 ഓഗസ്റ്റ് 13-ന് ചാലിയം കടൽത്തീരത്തുനിന്ന് ബേപ്പൂർ പോലീസിനു ലഭിച്ച തലയോട്ടി ഉപയോഗിച്ച് 2019 നവംബറിൽ രേഖാചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ അഞ്ചുദിവസം മുതൽ ഏഴുദിവസം വരെ പഴക്കമുണ്ടായിരുന്നു. അഗസ്ത്യമുഴിയിലെ റോഡരികിൽനിന്ന് ജൂലായ് ആറിനാണ് ഉടൽഭാഗം കണ്ടെത്തിയത്. കൈതവളപ്പ് കടൽത്തീരത്തു നിന്ന് ജൂൺ 28-ന് ഒരു കൈയുടെ ഭാഗവും ജൂലായ് ഒന്നിന് ചാലിയം കടൽത്തീരത്തുനിന്ന് രണ്ടാമത്തെ കൈയും കിട്ടി. ഇതെല്ലാം ഒരാളുടേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തി.

 

നേരത്തേ ബേപ്പൂർ, മുക്കം പോലീസാണ് കേസന്വേഷിച്ചിരുന്നത്. അന്വേഷണം വഴിമുട്ടിയപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കൈതവളപ്പിൽ കൈപ്പത്തിയും കൈത്തണ്ടയും കിട്ടുമ്പോൾ ഇവ വെള്ളച്ചരടുകൊണ്ട് കെട്ടിയ നിലയിലായിരുന്നു.

 

Comments

COMMENTS

error: Content is protected !!