എൻ്റെ രാജ്യത്തെ ഉണര്‍ത്തേണമേ!’ – ടാഗോർ കവിതയുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാവീന്ദ്രനാഥ് ടാഗോറിൻ്റെ പ്രശസ്തമായ വരികൾ ഉദ്ദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് സ്വതന്ത്രരാജ്യമായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞത് ടാഗോര്‍ പങ്കുവച്ച ആ സ്വപ്നം നെഞ്ചിലേറ്റിയ മനുഷ്യരുടെ സമരങ്ങളുടെ ഫലമായാണ്.
ആ സമരങ്ങളുടെ ചരിത്രത്തിലൂടെ വീണ്ടും ആഴത്തില്‍ സഞ്ചരിച്ചു തുടങ്ങേണ്ട കാലമാണിത്. വിമോചനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
അതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂര്‍ണവും ആയ മാതൃകസ്ഥാനമാക്കി മാറ്റാം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി ടാഗോറിൻ്റെ വരികൾ ഉദ്ദരിച്ചത്.

”എവിടെയാണോ
മനസ്സ് നിര്‍ഭയമായിരിക്കുന്നത്,
ശിരസ്സ് ഉയര്‍ന്നുതന്നെയിരിക്കുന്നത്,
അറിവ് സ്വതന്ത്രമായിരിക്കുന്നത്,
എവിടെയാണോ
ഇടുങ്ങിയ ഭിത്തികളാല്‍ ലോകത്തെ തുണ്ടു തുണ്ടായി മുറിക്കാത്തത്,

വാക്കുകള്‍ സത്യത്തിന്റെ ആഴത്തില്‍ നിന്നു നിര്‍ഗമിക്കുന്നത്,

അക്ഷീണമായ പരിശ്രമം പൂര്‍ണ്ണതയിലേയ്ക്ക് കുതിക്കുന്നത്,
മൃതമായ യാഥാസ്ഥിതികതയുടെ മണല്‍പ്പരപ്പില്‍

സുതാര്യമായ ജ്ഞാനപ്രവാഹത്തിന്റെ കല്ലോലിനി

വരണ്ടു പോകാത്തത്,

മനസ്സ് വികാസത്തിലേക്കും സമ്യക്കായ ദര്‍ശനത്തിലേക്കും നയിക്കപ്പെടുന്നത്,
ആ സ്വതന്ത്ര സ്വര്‍ഗത്തിലേയ്ക്ക് എൻ്റെ രാജ്യത്തെ ഉണര്‍ത്തേണമേ!’

 

Comments
error: Content is protected !!