CALICUTCRIMEDISTRICT NEWSKOYILANDIMAIN HEADLINES

ഏഴു വയസ്സുകാരന് ചികില്‍സ തേടിയെത്തിയ അച്ഛന്‍ റിമാന്റിലായി

 

ഏഴു വയസ്സുകാരന്‍ മകനെ ഡോക്ടറെ കാണിക്കാനെത്തിയ പിതാവ് റിമാന്റിലായി.
ഉള്ള്യേരിയിലെ അരിമ്പമലയില്‍ ഷൈജുവാണ് ജയിലിലായത്. സെപ്റ്റമ്പര്‍ 8 ഞാറാഴ്ച പനി കൂടിയതിനെ തുടര്‍ന്ന് മകന്‍ സൂര്യതേജിനെ അടിയന്തര ചികില്‍സ തേടി കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിയതായിരുന്നു ഷൈജുവും ഭാര്യ സിന്ധുവും.

ബാലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സ തേടിയിട്ടും പനിക്ക് കുറവില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കൊയിലാണ്ടിയില്‍ എത്തിയത്. ഉച്ചക്ക് 3.42 ന് ഒ പി ടിക്കറ്റെടുത്ത് അവശനായ മകനുമായി ക്യൂവില്‍ നിന്ന ഇവര്‍ക്ക് വൈകിട്ട് 6 മണിവരെ ഡോക്ടറെ കാണാനായില്ലെന്ന് പറയുന്നു. ക്വാഷ്വാലിറ്റിയില്‍ ധാരാളം പേര്‍ ക്യൂ നില്‍ക്കുന്നത് അവഗണിച്ച് പ്രത്യേകശുപാര്‍ശകളുമായി ഡോക്ടറുടെ മുന്നില്‍ ധാരാളം പേര്‍ പരിശോധനക്കെത്തുന്നത്‌, ക്യൂവില്‍ നില്‍ക്കുന്നവര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ബഹളം ഷൈജു മൊബൈലില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവായി പ്രദര്‍ശിപ്പിച്ചു. ബഹളം ശമിച്ചതിനെ തുടര്‍ന്ന് വൈകീട്ട് 6 മണിയോടെ മരുന്ന് കുറിച്ചു വാങ്ങി, നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ അവശനായ കുഞ്ഞുമായി ഇവര്‍ വീട്ടിലേക്ക് പോയി.

സംഭവം കഴിഞ്ഞ് 5 ദിവസത്തിനു ശേഷം വീട്ടിലെത്തിയ കൊയിലാണ്ടി പോലീസ് ഒരു കാര്യമന്വേഷിക്കുന്നതിന് സ്‌റ്റേഷനില്‍ വരണമെന്നാവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഷൈജുവിനെ അറസ്റ്റു ചെയ്ത് നാദാപുരം മജിസ്ട്രറ്റ് മുമ്പാകെ ഹാജറാക്കി റിമാന്റ് ചെയ്തു. അതിക്രമിച്ചു കയറല്‍(451), ഔദ്യോകിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍(353), തെറിവിളിക്കല്‍(294.B), അനുമതിയില്ലാതെ വീഡിയോ പകര്‍ത്തല്‍ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഷൈജു സംഭവം മൊബൈലില്‍ പകര്‍ത്തി ലൈവിട്ടതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഭാര്യ സിന്ധു പറയുന്നു. ആശുപത്രിയില്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയില്ലെന്ന് സുപ്രണ്ട് ഡോക്ടര്‍ പ്രതിഭ അറിയിച്ചു. ഔദ്യോഗികമായി ജോലി നിര്‍വ്വഹിക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് ആശുപത്രി അധികാരികളെയാണ് ആദ്യം അറിയിക്കണ്ടതെന്നും തുടര്‍ന്ന് ഓഫീസില്‍ നിന്ന് പരാതി നല്‍കലാണ് പതിവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അത്തരമൊരു പരാതിയും ആശുപത്രിയില്‍ നിന്ന് പോലീസിന് നല്‍കിയിട്ടില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ നേരിട്ടെത്തി മൊഴി നല്‍കിയതിനെ തുടര്‍ന്ന് അവരുടെ മൊഴി പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ഷൈജു ഡോക്ടറോട് മോശമായി പെരുമാറിയതായും തെറിവിളിച്ചതായുമൊക്കെ ഡോക്ടറുടെ മൊഴിയിലുണ്ടായിരുന്നതായി പോലീസുകാര്‍ അവകാശപ്പെട്ടു. ഇതു ശരിയാണെങ്കില്‍ ഇയാളുടെ കുഞ്ഞിനെ ഇതേ ഡോക്ടര്‍ പരിശോദിച്ച് മരുന്നു കുറിക്കുമോ എന്ന സംശയം കഴമ്പുള്ളതാണ്.
ഷൈജുവിനെ ചൊവ്വാഴ്ച കാലത്ത് കൊയിലാണ്ടി കോടതിയില്‍ ഹാജറാക്കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button