ഒരു ഗ്രാമം കൊണ്ടം വള്ളിയായി പടർന്നു കയറിയ ദിനങ്ങൾ

അര നൂറ്റാണ്ടെന്നത് ഒരു വലിയ കാലമല്ല; പ്രത്യേകിച്ചും കാലം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്. കൊണ്ടം വള്ളി അമ്പലത്തിൽ ഏപ്രിൽ 14 മുതൽ 21 വരെ പൂർണ അർത്ഥത്തിൽ നടന്ന ഉത്സവാഘോഷത്തോടെ ഉത്സവശൂന്യമായ കഴിഞ്ഞ കാലങ്ങളെ മായ്ച്ചു കളയുകയാണ് ഈ ഗ്രാമം. കഴിഞ്ഞ വിഷുവിന് അടുപ്പിൽ തീ പുകയാത്ത വീടുകളായിരുന്നു ഇവിടെ അധികവും. എല്ലാവർക്കും വിഷു സദ്യയൊരുക്കി, വരാൻ കഴിയാത്തവർക്ക് വീട്ടിലേക്ക് കൊടുത്തയച്ചും നാടിനാകെയുള്ള വിഷുക്കൈനീട്ടമായി അമ്പലത്തിലെ അന്നത്തെ വിഷു സദ്യ. രണ്ടു വർഷംമുമ്പേ തുടങ്ങിയ ഒരുക്കങ്ങളായിരുന്നു.

കൊറോണ വൈറസ് പടിക്കൽ വെച്ച് കുടമുടച്ചു കളഞ്ഞപ്പോൾ വീണ്ടും കാത്തിരിപ്പിൻ്റെ വർഷങ്ങൾ.
ഒരു കാലത്ത് ജാതിവിവേചനത്തിേൻ്റേയും, ബ്രാഹ്മണാധികാരത്തിൻ്റെയും വിളനിലമായിരുന്നു കൊണ്ടംവള്ളി ക്ഷേത്രം. തളം കെട്ടി നിന്ന ആ ജീർണതയുടെ കുളത്തിലേക്കും ക്ഷേത്രത്തിലേക്കും പിന്നീട് എല്ലാ മനുഷ്യരും ഒന്നിച്ചിറങ്ങി കുളിക്കുകയും, ഒന്നിച്ചു കയറി തൊഴുകയും ചെയ്തു. അതിൻ്റെ തുടർച്ചയെന്നോണം പുനരുത്സവത്തിൻ്റെ ഒരുക്കത്തിലും കക്ഷിരാഷ്ട്രീയ വത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു. ജാതി മത ഭേദമില്ലാതെ (ഇതിനൊരു തിരുത്തുണ്ട് ) ഒറ്റക്കെട്ടായി പരിശ്രമിച്ചു.


മുമ്പ് അസ്പൃശ്യത അനുഭവിച്ചവരും കൽപ്പിച്ചവരുമൊക്കെ തോളോട് തോൾ ചേർന്ന് കൊണ്ടംവള്ളിയെ ഉത്തേജിപ്പിച്ചു. മേലൂരിലെ എല്ലാ വഴികളും പല വർണങ്ങളാൽ നിറഞ്ഞ് ചിരിച്ചുല്ലസിച്ച് കൊണ്ടംവള്ളിയിലേക്കൊഴുകി. ഇനിയും ഉറവ വറ്റാത്ത അന്യസംസ്ഥാന ടയർ ബന്ധത്തിലെ മേലൂരിൻ്റെ മക്കൾ അഹമ്മദാബാദിൽ നിന്നും, ബറോഡയിൽ നിന്നും, ഡീസയിൽ നിന്നും, ഗാന്ധിധാമിൽ നിന്നുമൊക്കെ തീവണ്ടിയിലും , ആകാശപ്പറവകളിലുമൊക്കെ കൊണ്ടംവള്ളിയിലേക്കിറങ്ങി വന്നു. അവർ ചുണ്ടിൽ ചായം പുരട്ടിയും, കേരള സാരിയുടുത്തും ഹിന്ദികലർന്ന മലയാളം പറഞ്ഞും അമ്പലമുറ്റത്തും, ആൽത്തറയിലും, കുളക്കരയിലുമൊക്കെ സുന്ദരികളും സുന്ദരന്മാരുമായി സഞ്ചരിച്ചു.

കൊണ്ടംവള്ളിയും, ‘കൊണ്ടപ്പള്ളി,യും തമ്മിലുള്ള നാമത്തിലെ സാമ്യവും, ‘ധർമ്മശാസ്താ,വിൻ്റെ ചരിത്രവഴികളിലെ ബുദ്ധസാന്നിദ്ധ്യവും ചരിത്ര വിദ്യാർത്ഥികളും ഗവേഷകരും അന്വേഷിക്കട്ടെ. കോരപ്പുഴ മുതൽ നടേരിപ്പുഴ വരെ ഭൂപതിമാരായിരുന്ന ദേവസ്വം അധികാരികളുടേയും അവരുടെ പൂർവ്വികരുടേയുമൊക്കെ ചരിത്രം ഇനിയും അനാവരണം ചെയ്യപ്പടട്ടെ. ‘കൊണ്ടം വെള്ള്യാന കിണ്ടീപ്പെറ്റു, എന്ന ആനസമൃദ്ധിയുടെ വാമൊഴിവഴക്കങ്ങൾ പുതുതലമുറ ഏറ്റുപറയട്ടെ. വെളുത്താടത്തും, കൊല്ലൻ്റാടയും, ആശാരിമീത്തലും, പ്ലാക്കാട്ടും, കുറുന്തോട്ടത്തിലും, തോട്ടായിയുമൊക്കെയായി പരന്നു കിടക്കുന്ന തൊഴിലിൻ്റെയും, പരിസ്ഥിതിയുടേയുമൊക്കെ നാനാർത്ഥങ്ങൾ ചരിത്രമായി പിറക്കട്ടെ.


ദൈവമുണ്ടോ എന്ന ചോദ്യം മനുഷ്യനോളം തന്നെ പഴയതാവും.
ഒരുപക്ഷേ സിനിമയിൽ കമലഹാസൻ അവതരിപ്പിച്ച കഥാപാത്രം പറയും പോലെ ”ദൈവമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു” എന്ന ആത്മഗതം ഇക്കാലത്തും അന്തരീക്ഷത്തിലുണ്ട്.
എന്തായാലും കൊണ്ടംവള്ളി അയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട ദൈവ സങ്കൽപ്പം ഒരു പാട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ ഗ്രാമത്തിനുണ്ടാക്കിയ ഉണർവ്വിൻ്റെയും, കൂട്ടായ്മയുടേയും, കൂട്ടിച്ചേരലിൻ്റെയും അനുഭവങ്ങൾ ചരിത്രത്തിലേക്ക് നടന്നു കയറിയിട്ടുണ്ട്. അങ്ങനെ മേലൂരിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള ഉത്സവമായി കൊണ്ടംവളളി മാറി.

 

ആന

തൻ്റെ പരിശീലകൻ്റെ ക്രൂരതകളാലോ, നിന്നുനിന്നു തളർന്നതിനാലോ, നമുക്കറിയാത്ത മറ്റെന്തോ പ്രശ്നങ്ങളാലോ എന്തോ, ഉട്ടോളി അനന്തൻ എന്ന ആന ഒന്നിടഞ്ഞപ്പോൾ ബാക്കിയാക്കുന്നത് ഒരു പുതിയതല്ലാത്ത ചോദ്യമാണ്. ആചാരത്തിൻ്റെ പേരിലോ, വിശ്വാസത്തിൻ്റെ പേരിലോ, പുതുതലമുറ ‘ആനപ്രേമികളു’ടെ ആവേശത്തിൻ്റെ പേരിലോ എന്തെങ്കിലുമാവട്ടെ തികച്ചും വന്യജീവിയായ ഒരു സാധുമ്യഗത്തെ മർദ്ദിച്ച് മെരുക്കി നമ്മുടെ താൽപ്പര്യത്തിനനുസരിച്ച് വേഷം കെട്ടിക്കുന്ന ക്രൂരത ഇനിയും തുടരേണ്ടതുണ്ടോ?

തിരുത്ത്

‘കുളക്കരമേള’ത്തിൻ്റെ അവസാനം, കൊട്ടിൻ്റെ കൊടുമുടി കയറി വാദ്യ പ്രേമികളെ ആവേശത്തിമർപ്പിലാറാടിച്ച വാദ്യകലാകാരൻമാർ വിയർത്ത ശരീരവും, ഉയർന്ന ശിരസ്സുമായി നിൽക്കുന്നു. സംഘാടകരും ആളുകളും, അവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു. എല്ലാവർക്കും ഹസ്തദാനം ചെയ്ത കൊട്ടിൻ്റെ അമരക്കാരൻ തൻ്റെ മുന്നിൽ വന്ന മാസ്കും തൊപ്പിയും ധരിച്ച ആളെ ഒരു നിമിഷം സൂക്ഷിച്ചു നോക്കുന്നു. അടുത്ത നിമിഷം തൻ്റെ വിയർപ്പാർന്ന ശരീരത്തിലേക്ക് അയാളെ ആശ്ലേഷിക്കുന്നു.
അയാളോ സ്നേഹത്തിൻ്റെ ആലിംഗനവുമായി തന്നെ എതിരേറ്റ തൻ്റെ പ്രിയ കലാകാരൻ്റെ ശരീരത്തോട് ചേർന്ന് നിന്ന് ഇരു കൈകളും കൊണ്ട് ചേർത്തു പിടിക്കുന്നു. ആകാശത്ത് രണ്ടുനാൾ മുമ്പത്തെ പൗർണമിയുടെ മേലെ ഇത്തിരി ചെഞ്ചായം പൂശിയ അമ്പിളി ഇതിനെല്ലാം സാക്ഷി. ഇവിടെ മേളത്തിൻ്റെ അമരക്കാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർ.


മാരാർ ആശ്ലേഷിച്ചത് വിനോദിൻ്റെ ചെണ്ടപ്പുറത്ത് എവിടെയെല്ലാം കോല് വീഴുന്നുവോ അവിടെയെല്ലാം എത്തിച്ചേരുന്ന ആരാധകൻ കുറുവങ്ങാട്ടുകാരൻ പൂതക്കുറ്റിക്കുനി ഹമീദ്. കലയ്ക്ക് ജാതിയോ മതഭേദമോ ഇല്ല. അതുപോലെ അയ്യപ്പനും മതഭേദമില്ല. ക്ഷേത്രത്തിലെ കോളാമ്പിയിൽ നിന്നുയരുന്ന അയ്യപ്പഭക്തിഗാനത്തിലെ വരികൾ “അയ്യപ്പൻമാർക്കൊരു ജാതി ഒരു മതം ഒരു ദൈവം” എന്നാണല്ലോ ആളുകളെ കേൾപ്പിക്കുന്നത്.
എന്നാൽ ക്ഷേത്രക്കുളത്തിലെത്തുമ്പോൾ ഈ സ്ഥിതി മാറുന്നു. അവിടെ ‘ഹിന്ദു’വും ‘അഹിന്ദു’വുമായി മനുഷ്യരെ മാറ്റുന്നു. പമ്പയാറിൽ എല്ലാ മതവിഭാഗക്കാർക്കും കുളിക്കാമെങ്കിൽ, ജനങ്ങളിൽ നിന്ന് പണം പിരിച്ച് നവീകരിച്ച കുളത്തിലും എല്ലാ മനുഷ്യർക്കും കുളിക്കാനാവണ്ടെ? അങ്ങനെയാവുമ്പോഴല്ലേ കൊണ്ടംവള്ളി അയ്യപ്പൻ എല്ലാവരുടേയും അയ്യനാവുന്നത്?


അടുത്ത വർഷവും മേടമാസത്തിൽ വിഷുവരും. മഹാമാരിയും, മഹാപ്രളയവുമില്ലാതെ സ്വച്ഛന്ദമായ മേടത്തിലെ ഉത്രം നാളിൽ വീണ്ടുമെത്തുന്ന ഉത്സവകാലത്തിനായി കാത്തിരിക്കാം. അന്ന് ഈ ഗ്രാമത്തിന് കൂടുതൽ ഒന്നിക്കാനാവട്ടെ, സന്തോഷിക്കാനാവട്ടെ, സ്നേഹിക്കാനാവട്ടെ.

   

എൻ വി മുരളി                     രഞ്ജിത്ത് ഫോക്കസ്

ഫോട്ടോ: രഞ്ജിത്ത് ഫോക്കസ്

Comments

COMMENTS

error: Content is protected !!