ഒരു പരീക്ഷ അല്പം കഠിനമായാൽ ഉപേക്ഷിക്കാൻ മാത്രം നിസ്സാരമാണോ ഒരു ജീവിതം. അനുശ്രീയുടെ സഹപാഠികളും ബന്ധുക്കളും ചോദിക്കുന്നു
പയ്യോളി: അയനിക്കാട്ട് വിദ്യാർത്ഥിയായ അനുശ്രീയുടെ ആത്മഹത്യ ഒരു പ്രദേശത്തെ ജനങ്ങളേയാകെ ഞെട്ടിക്കുന്നതായി. വിശേഷിച്ച് പ്രശ്നങ്ങളൊ ന്നുമില്ലാതെ സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ് അനുശ്രീയുടേത്.സഹോദരി കർണ്ണാടകയിൽ ബി എസ് സി, എം എൽ ടി വിദ്യാർത്ഥിനിയാണ്. അച്ഛൻ പുത്തൻപുരയിൽ ജയദാസൻ. പറയത്തക്ക സാമ്പത്തിക പ്രയാസങ്ങളോ കുടുംബ പ്രശ്നങ്ങളോ ഒന്നുമില്ല. സാമൂഹ്യ പ്രവർത്തന തൽപരരാരാണ് അച്ഛനും അമ്മയും. അച്ഛൻ നാട്ടിൽ ഡ്രൈവർ ജോലി ചെയ്യുന്നതിനിടെയാണ് വിദേശത്ത് പോയത്. അവിടെയും ഡ്രൈവർ ജോലി തന്നെയാണ് ചെയ്തിരുന്നത്. നാട്ടിൽ വന്നിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു. അമ്മ ഷീജ പയ്യോളി നഗരസഭ ഹരിത കർമ്മ സേനാംഗം എന്ന നിലയിൽ പൊതുരംഗത്ത് സജീവമാണ്. ഏക സഹോദരി അനഘയും വിദ്യാർത്ഥിനിയാണ്. കണക്ക് പരീക്ഷ വിഷമമായിരുന്നു എന്ന് സഹോദരിയോട് അനുശ്രീ പറഞ്ഞിരുന്നു. എന്നാൽ അതിലൊന്നും എന്തെങ്കിലും മാനസിക പ്രയാസമുള്ളതായി ആർക്കും തോന്നിയിരുന്നില്ല. ഉത്സാഹത്തോടെ തന്നെയാണ് തുടർന്നുള്ള പരീക്ഷകളും എഴുതിയത്.
ഇന്ന് (വ്യാഴം) ഫിസിക്സ് പരീക്ഷയായിരുന്നു. പരീക്ഷ എഴുതി ഒരു മണിക്ക് മുമ്പായി വീട്ടിലെത്തിയ അനുശ്രീ പരീക്ഷ വിഷമമായിരുന്നു എന്ന് ചേച്ചിയോട് പറഞ്ഞ ശേഷം, വസ്ത്രം മാറാനായി മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തുവരാതായതോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഒരു പരീക്ഷ അല്പം കഠിനമായതിനാണോ അനുശ്രീ ജീവിതം തന്നെ വേണ്ടെന്ന് വെച്ചത് എന്ന ആശങ്ക പങ്കു വെക്കുകയാണ് സഹപാഠികളും നാട്ടുകാരും.