SPECIAL

ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതിനൊപ്പം കേരളവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി വരുകയാണ്. കെഎസ്ആര്‍ടി ഇലക്ട്രിക് ബസ് അടക്കം സംസ്ഥാനത്ത് ഓട്ടം തുടങ്ങിയിട്ടുണ്ട്. മുച്ചക്ര ഓട്ടോയും വൈകാതെ ഇലക്ട്രിക്കിലെത്തും, പിന്നാലെ ഇലക്ട്രിക് കാറുകളും. ഇതിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡല്‍ കേരള സെക്രട്ടറിയേറ്റിലെത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്രട്ടറിയേറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യുന്ന ലീഫിന്റെ ചിത്രമാണ് വാര്‍ത്തയിലുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ നമ്പര്‍ പ്ലേറ്റിലാണ് ഈ ലീഫ്.

നേരത്തെ നിരവധി തവണ ലീഫ് ഇലക്ട്രിക് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കായി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ലീഫ് ഇവി മോഡല്‍ നിസാന്‍ നല്‍കിയിട്ടുണ്ട്. ഇതിലൊന്നാണ് കേരള സെക്രട്ടറിയേറ്റിലുമെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് ലീഫ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കെത്തുന്നത്. അതിനാല്‍ അല്‍പം ഉയര്‍ന്ന വിലയും ഇലക്ട്രിക് ഹാച്ച്ബാക്കിന് പ്രതീക്ഷിക്കാം

 

നിലവില്‍ രണ്ടാംതലമുറ ലീഫാണ് ആഗോള തലത്തില്‍ നിസാന്‍ വിറ്റഴിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലും ഇതാണ്.  40 kWh ബാറ്ററി പാക്കുള്ള ലീഫില്‍ ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 148 പിഎസ് പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. 8 മണിക്കൂറിനുള്ളില്‍ ബാറ്ററിയില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനം വഴി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിലൂടെ ബാറ്ററി റീചാര്‍ജ് ചെയ്യാനാകും.

നിസാന്റെ മറ്റ് മോഡലുകളോട് സാമ്യമില്ലാത്ത വാഹനമാണ് ലീഫ്. ഓവറോള്‍ രൂപത്തില്‍ ചെറിയൊരു കാര്‍. ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകളാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും ചേര്‍ന്നാണ് ലീഫിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ത്രികോണാകൃതിയിലുള്ള ടെയില്‍ ലാമ്പും ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനീഷിങ് റൂഫ് സ്‌പോയിലര്‍ എന്നിവയുമാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button