ഓണത്തിന്‌ ഒരു മുറം പച്ചക്കറി 6.30 ലക്ഷം പായ്‌ക്കറ്റ്‌ വിത്ത്‌,4 ലക്ഷം തൈ

കോഴിക്കോട്‌ :ഓണത്തിന്‌ സാമ്പാറും അവിയലും ഉപ്പേരിയും ഒരുക്കാൻ പച്ചക്കറികൾ വീട്ടുപറമ്പിൽ നിന്നാവട്ടെ. ഇതിനുള്ള വിത്തുകളും തൈകളും വീടുകളിലെത്തി. ഇനി കൃഷിചെയ്‌താൽ മതി. വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽനിന്ന്‌  ലഭ്യമാക്കുന്ന കൃഷി വകുപ്പിന്റെ ‘ഓണത്തിന്‌ ഒരു മുറം പച്ചക്കറി’പദ്ധതിയുടെ ഭാഗമായി 6.30 ലക്ഷം പായ്‌ക്കറ്റ്‌ വിത്തുകളും നാല്‌ ലക്ഷം തൈകളും ജില്ലയിൽ സൗജന്യമായി വിതരണം ചെയ്‌തു.
ഒരു കുടുംബം കുറഞ്ഞത്‌ അഞ്ചിനം പച്ചക്കറികളെങ്കിലും അടുക്കളത്തോട്ടത്തിലുണ്ടാക്കുക എന്നതാണ്‌ ലക്ഷ്യം. ജൂൺ ആദ്യം തുടങ്ങിയ വിതരണം കഴിഞ്ഞയാഴ്‌ച പൂർത്തിയായി. അഞ്ചിനം വിത്തുകളടങ്ങിയ 10 രൂപയുടെ പായ്‌ക്കുകളാണ്‌  നൽകുന്നത്‌. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലായി 2.7 ലക്ഷം വിദ്യാർഥികൾക്ക്‌ കിറ്റ്‌ നൽകി. കൃഷിഭവനുകൾ മുഖേനയാണ്‌  3.30 ലക്ഷം കർഷകർക്ക്‌ വിതരണം ചെയ്‌തത്‌.  30,650 വിത്ത്‌ പായ്‌ക്കറ്റുകൾ എൻജിഒ അംഗങ്ങൾക്കും സ്‌ത്രീ സംഘങ്ങൾക്കുമായും  നൽകി.
 പച്ചക്കറി വികസന പദ്ധതിയിൽ വിവിധ നേഴ്‌സറികളിൽ ഉൽപ്പാദിപ്പിച്ച നാല്‌ ലക്ഷം തൈകളും സൗജന്യമായി നൽകി. പേരാമ്പ്ര, പുതുപ്പാടി,  തിക്കോടി എന്നിവിടങ്ങളിലെ സർക്കാർ ഫാമിൽനിന്നാണ്‌ ഒരു ലക്ഷം വിത്തുകൾ ഉൽപ്പാദിപ്പിച്ചത്‌. ആലത്തൂരിലെ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രൊമോഷൻ കൗൺസിലിൽനിന്ന്‌ ശേഷിക്കുന്നവ ശേഖരിച്ചു.
ജില്ലയിലാകെ 73 ലക്ഷം രൂപയുടെ വിത്തും തൈകളുമാണ്‌ നൽകിയത്‌. സംസ്ഥാനത്തിന്‌ മാതൃകയായി ഏറ്റവും  കൂടുതൽ വിത്ത്‌  നൽകിയതും ഇവിടെയാണ്‌.
Comments

COMMENTS

error: Content is protected !!