ഓണത്തിന് സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ
ഓണം ആഘോഷമാക്കാൻ സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങളിലായി ജില്ലാതല സപ്ലൈകോ സ്റ്റാളുകളും 23 മുതൽ താലൂക്കുതല ഫെയറുകളും ആരംഭിക്കുകയാണ്. ഇത്തവണ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഉണ്ടാകും.
അടുത്ത ദിവസം കൺസ്യൂമർഫെഡിന്റെ 1600 ഓണചന്തകൾ ആരംഭിക്കുകയാണ്. അതുവഴി ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ല എന്നതായിരുന്നു.