ഓലമടഞ്ഞ് അവർ ഓർമ്മകൾക്ക് തണലേകി
കൊയിലാണ്ടി: തെങ്ങോലകൾ മേലാപ്പ് ചാർത്തിയ കേരളീയ സൗന്ദര്യം ആസ്വദിക്കാത്ത സഞ്ചാരികളില്ല. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകളായിരുന്നു ഓലപ്പുരകൾ. മലയാളികളുടെ സൗന്ദര്യബോധം മാറിയതോടെ ഗൃഹനിർമ്മാണത്തിലെ കേരളത്തനിമയും അന്യമായി. പകരം കോൺക്രീറ്റ് സൗധങ്ങൾ വ്യാപകമായ രീതിയിൽ തല പൊക്കി. അതോടെ പഴയ ഓലപ്പുരയും ഓലഷെഡുമൊക്കെ ഗൃഹാതുരക്കാഴ്ചകളായി.കാർഷിക വൃത്തിയെന്നപോലെ ഒട്ടുമിക്ക ദരിദ്രകുടുംബങ്ങളുടെയും ഉപജീവന മാർഗ്ഗമായിരുന്നു അക്കാലത്ത് ഓലമടയൽ. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഓലമടയൽ തൊഴിലായി സ്വീകരിക്കാൻ പലരും മടി കാണിച്ചില്ല.എന്നാൽ ഓലപ്പുരയും ഓല ചായ്പ്പും ഓലപ്പന്തലുമൊക്കെ നാടുനീങ്ങിയതോടെ ഈ തൊഴിലും അപ്രത്യക്ഷമാവുകയായിരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരത്ത് വെച്ച് ക്ഷേത്ര വനിതാ കൂട്ടായ്മ നടത്തിയ ഓലമടയൽ പുതുതലമുറയുടെ ശ്രദ്ധ ആകർഷിച്ചു. ക്ഷേത്ര ഉൽസവത്തിനായുള്ള മുന്നൂറോളം ഓലകളാണ് ക്ഷേത്രത്തിലെ പന്തൽ കമ്മിറ്റിയുടെ തീരുമാനപ്രകാരംവനിതാ കമ്മിറ്റിയാണ് ഓലമടയിലിന് നേതൃത്വം നൽകിയത്. . ഗതകാല സ്മൃതികളുണർത്തിയ ഓലമടയൽ കുട്ടികൾക്കും തൊഴിൽ പരിചയത്തിന് കളമൊരുക്കി. ഉത്സവച്ചടങ്ങുകൾക്കും ആഘോഷ പരിപാടികൾക്കുമുള്ള മേൽക്കൂരകളായി ഈ ഓലകൾ പെയോഗിക്കാനാണ് തീരുമാനം. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.