DISTRICT NEWS
ഓളത്തില്‍ വേഗത്തിന്റെ തുഴയെറിയാന്‍ താരങ്ങളെത്തി
മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് നഗരത്തിന്റെ ആവേശോജ്ജ്വല സ്വീകരണം. വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി, ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എല്ലാ കായികപ്രേമികളെയും പ്രോത്സാഹിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. കായികമേഖലെയെ പോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കായിക മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു
26 മുതല്‍ 28 വരെ കോടഞ്ചേരി ചാലിപ്പുഴ, തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിങ് മത്സരങ്ങള്‍ നടക്കുന്നത്. 26ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ, ഇറ്റലി, മലേഷ്യ, നേപ്പാള്‍, ഇസ്രായേല്‍, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍,റഷ്യ തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്കുള്ള സ്വീകരണം നല്‍കിയത്
കെ.എച്ച്.ആര്‍.എ പ്രസിഡന്റ് മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തില്‍ കോഴിക്കോടന്‍ തനത് രുചികളായ ഹല്‍വയും കായവറുത്തതുമായി സുലൈമാനി സല്‍ക്കാരവും താരങ്ങള്‍ക്കായി ഒരുക്കിയുരുന്നു. ലിസ്സ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഫ്ളാഷ് മോബ്, എം.എ.എം.ഒ കോളേജ് സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ മുക്കം മുതല്‍ കോഴിക്കോട് വരെ കയാക്കിംഗ് പ്രമോഷന്‍ റൈഡ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. എന്‍.സി.സി കേഡറ്റിന്റെ പരേഡോടു കൂടിയാണ് സ്വീകരണം നല്‍കിയത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, ഡി.ടി.പി.സി സെക്രട്ടറി ബീന സി.പി, സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് അനീഷ്, ജനറല്‍ കണ്‍വീനര്‍ കെ.ടി.എ നാസര്‍, കോര്‍ഡിനേറ്റര്‍ സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍, കെ.എ.ടി.പി.എസ് സി.ഇ.ഒ മനേഷ് ഭാസ്‌ക്കര്‍, കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ടി.പി മെഹബൂബ്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയേര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments