ജില്ലയിൽ രണ്ടു ലക്ഷം പിന്നിട്ട് കോവിഡ് പരിശോധന

കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി  സ്വീകരിക്കുന്ന  നടപടികളുടെ ഭാഗമായി  നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയിൽ രണ്ടു ലക്ഷം പിന്നിട്ടു.
സെപ്തംബർ മൂന്നു വരെ ജില്ലയിൽ 2,00,686 കോവിഡ് പരിശോധനകളാണ് നടത്തിയത്. പ്രധാനമായും ആന്റിജൻ പരിശോധനയാണ് നടത്തുന്നത്. സർക്കാർ സംവിധാനത്തിലൂടെ ഇതിനോടകം 79,395 ആന്റിജൻ പരിശോധനകളും 64,376 ആർടിപിസിആർ പരിശോധനകളും 4,508 ട്രൂനാറ്റ് പരിശോധനകളും  നടത്തി. ഇവ കൂടാതെ 47 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 52,360 കോവിഡ് പരിശോധനകളാണ് നടത്തിയത്. ദിവസേന ഏകദേശം അയ്യായിരത്തോളം പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്.
സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ആന്റിജന് 1000 രൂപയും   ആർ.ടി.പി.സി. ആറിന്  2750 രൂപയും  ട്രൂനാറ്റ് ടെസ്റ്റിന് ന് 1500 രൂപയുമാണ്  ചെലവ്. ഈ തുക സർക്കാർ  സൗജന്യമായി വഹിക്കുകയാണ്.
രോഗവ്യാപനം രൂക്ഷമായ ക്ലസ്റ്റർ മേഖലകളിൽ കൂടുതൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇവിടങ്ങളിലെ പ്രൈമറി, സെക്കന്ററി സമ്പർക്കങ്ങളെല്ലാം കണ്ടെത്തിയാണ്  പരിശോധന. പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവർക്ക് ആദ്യ പരിശോധന നടത്തി  ഏഴു ദിവസത്തിനു ശേഷം വീണ്ടും  നടത്തുന്നുണ്ട്. മറ്റു രോഗ ബാധിതർ, ആരോഗ്യ പ്രവർത്തകർ, വിദേശത്തുനിന്ന് എത്തിയവർ, അയൽ സംസ്ഥാനത്തുനിന്നും വരുന്നവർ, അതിഥി തൊഴിലാളികൾ എന്നിവർക്കെല്ലാം പരിശോധന ഉറപ്പുവരുത്തുന്നുണ്ട്.
മത്സ്യമാർക്കറ്റ്, ഹാർബറുകൾ, ജനത്തിരക്കേറിയ ഇടങ്ങൾ കൂടാതെ രോഗവ്യാപനം രൂക്ഷമായ കോർപ്പറേഷൻ, വടകര, ചോറോട്, ഒളവണ്ണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തിയത്.എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് പരിശോധന സൗകര്യം ലഭ്യമാണ്. ആഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിലാണ് പരിശോധന ഉറപ്പാക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നൽകിയ ആരോഗ്യ പ്രവർത്തകരുണ്ട്. നാലുമുതൽ അഞ്ചു പേരടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ജില്ലാ ആശുപത്രി, താലൂക്കാശുപത്രികൾ തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിലും ചില സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യമുണ്ട്.
Comments

COMMENTS

error: Content is protected !!