ഓൺലൈൻ ചതിക്കുഴികളിലകപ്പെട്ട് ആത്മഹത്യ ചെയ്തതായി കരുതുന്ന ബിജിഷ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാടുകൾ
കൊയിലാണ്ടി: ഡിസംബര്‍ 12-ന് ചേലിയയിലെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത ബിജിഷയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ആത്മഹത്യയുടെ കാരണമന്വേഷിച്ച പോലീസിന്റെ ശ്രദ്ധയിൽ പെട്ടത് ഒരു കോടി രൂപയുടെ പണമിടപാടുകളാണ്. 11 മാസം കൊണ്ട് 88 ലക്ഷം രൂപയുടെ ഇടപാടുകൾ രണ്ട് ബാങ്കുകളിൽ മാത്രമായി നടന്നു. ബിജിഷയുടെ പേരിലുള്ളതാണ് ഈ രണ്ട് അക്കൗണ്ടുകളും.
എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒരറിവുമില്ല. ഇതിന് പുറമെ ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല.
പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയായതിനാല്‍ പോലീസിനും വിവരമൊന്നും ലഭിക്കുന്നില്ല. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പോലീസ് പറയുന്നു. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ബിജിഷയുടെ മരണശേഷം പണം ആവശ്യപ്പെട്ട് ആരും വീട്ടിലേക്ക് വരികയോ ബന്ധുക്കളെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് പോലീസിനേയും വീട്ടുകാരേയും അത്ഭുതപ്പെടുത്തുന്നത്.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. എന്തിന് വേണ്ടിയാണ് ഇത്രയേറെ പണമിടപാട് നടത്തിയത് ആർകൊക്കെയാണ് പണം നൽകിയത് എന്നതൊക്കെ വിശദമായി അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ നാട്ടിലൊക്കെ ഏറെ ചുറുചുറുക്കുള്ള യുവതിയെന്ന നിലയില്‍ വലിയ ബഹുമാന്യയായിരുന്നു. ഇടയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്‌കൂളില്‍ തന്നെ ടീച്ചറായി പ്രവർത്തിച്ചിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.