കോഴിക്കോട് വലിയങ്ങാടിക്ക് പന്തലിട്ടു

കോഴിക്കോട് വലിയങ്ങാടിയിലൂടെ ഇനി വെയിലും മഴയും ഏൽക്കാതെ നടക്കാം. തൊഴിലാളികൾക്ക്‌ സ്വസ്ഥമായി പണിയെടുക്കാം. അലൂമിനിയം ഷീറ്റുകൊണ്ടു 388 മീറ്റർ ദൂരത്തിൽ അങ്ങാടിക്ക് പന്തൽ ഒരുക്കി. കോർപറേഷൻ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേലാപ്പ്‌ പണിതത്‌.
ലോറിയിൽ നിന്ന്‌ സാധനങ്ങൾ ഇറക്കുന്നതിനും മഴയും മറ്റും ഏറ്റ് ചീത്തയാവുന്നതിനും ഇത് പരിഹാരമാവും. താൽക്കാലികമായി വ്യാപാരികളും തൊഴിലാളികളും ചേർന്ന്‌ ഷീറ്റിട്ടിരുന്നെങ്കിലും മഴകൊണ്ട്‌ നാശമായി. പിന്നീടാണ്‌ സ്ഥിര മേലാപ്പിനായി കോർപറേഷനോട്‌ ആവശ്യമുന്നയിച്ചത്‌.
രണ്ട്‌ ഘട്ടങ്ങളിലായി 2.75 കോടി രൂപയാണ്‌ ചെലവിട്ടത്‌. 2019 സെപ്‌തംബറിൽ 105 മീറ്ററിൽ  ആദ്യഘട്ട പ്രവൃത്തി തുടങ്ങി. 283 മീറ്ററിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ആഗസ്‌തിലാണ്‌ ആരംഭിച്ചത്‌. അഞ്ചര മീറ്റർ ഉയരത്തിൽ  മൊത്തം 42 തൂണുകളാണുള്ളത്‌. മഴ വെള്ളം ഓടയിലേക്ക്‌ ഇറക്കാനായി ഓരോ തൂണുകളിലും പൈപ്പ്‌ ഘടിപ്പിക്കുന്നുണ്ട്‌. ചെറൂട്ടി റോഡ്‌ ഭാഗത്തേക്ക്‌ 100 മീറ്റർ ദൂരത്തിൽ കൂടി മേലാപ്പ്‌ ഒരുക്കാൻ ആലോചനയുണ്ട്‌.
Comments

COMMENTS

error: Content is protected !!