കടലിൽ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി

കോഴിക്കോട് : സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പരേതനായ ജാഫറിന്റെയും സ്റ്റെല്ലയുടെയും മകൻ ആൽബിൻ (15) ആണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടത്.

 

വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്കു പിറകിലെ ഭാഗത്തുനിന്നാണ് വിദ്യാർഥിയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കൾ നാലുപേർ ചേർന്ന് കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് ആൽബിൻ തിരയിൽപ്പെട്ടതെന്ന് ഒപ്പംകുളിക്കാനിറങ്ങിയ സുഹൃത്ത് പറഞ്ഞു. സെയ്ന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാംതരം വിദ്യാർഥിയാണ് ആൽബിൻ.

 

സുഹൃത്തുക്കളോടൊപ്പം വൈകുന്നേരങ്ങളിൽ ആൽബിൻ കടലിൽ കുളിക്കാനിറങ്ങാറുണ്ടായിരുന്നുവത്രെ. ശനിയാഴ്ച ഇറങ്ങുമ്പോൾ കടലിൽ നല്ല വേലിയേറ്റമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിരക്ഷാസേനയും കോസ്റ്റൽപോലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മഴപെയ്തതിനെത്തുടർന്ന് ശനിയാഴ്ച രാത്രി തിരച്ചിൽ നിർത്തി. തിരച്ചിൽ ഞായറാഴ്ച രാവിലെ തുടരും.

 

എം.കെ. രാഘവൻ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, സബ് കളക്ടർ ജി.പ്രിയങ്ക, കൗൺസിലർ ആശാ ശശാങ്കൻ, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ് തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Comments

COMMENTS

error: Content is protected !!