മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മുഖ്യമന്ത്രി കണ്ണൂരിൽ എത്തുമ്പോള്‍ ഗസ്റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കി. മുഖ്യമന്ത്രി കണ്ണൂരിലല്ല ഏത് സ്ഥലത്ത് വന്നാലും മുഖ്യമന്ത്രി രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമാസ് പ്രതിഷേധത്തിനിടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയിൽ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്.

കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ രാത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.

പൊലീസിന്‍റെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബുദ്ധിമുട്ട് കാരണം പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്.

Comments

COMMENTS

error: Content is protected !!