കനാലിൽ വെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം; വെള്ളമെത്തിക്കാൻ പാടുപെടുകയാണെന്ന് ഇറിഗേഷൻ അധികൃതർ

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിൽ കനാലിൽ വെള്ളമെത്താത്തതിനെതിരെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും പേരാമ്പ്ര ഇറിഗേഷൻ ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. പ്രസിഡണ്ട് സതി കിഴക്കയിൽ, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി,സന്ധ്യഷിബു, വത്സല . എന്നിവരാണ് കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തത്. വ്യഴാഴ്ചയോടെ പഞ്ചായത്തിലെ കനാൽ ടെയ്‌ലെന്റിൽ വെള്ളമെത്തിക്കാൻ കഴിയുമെന്ന് ഇറിഗേഷൻ അധികൃതർ ഉറപ്പു നൽകി.

വെള്ളമെത്താത്തിന് കാരണം ഇറിഗേഷൻ അധികൃതരുടെ അനാസ്ഥയല്ല. കാലപ്പഴക്കം മൂലം നശിച്ചു കഴിഞ്ഞവയാണ് കനാലുകളെന്നും അവ പുതുക്കി നിർമ്മിക്കാനുള്ള ഫണ്ട് കണ്ടത്തേണ്ടതും അതിനാവശ്യമായ പദ്ധതികൾ തയാറാക്കേണ്ടതും സർക്കാർ തലത്തിലാണെന്നും ഇറിഗേഷൻ അധികൃതർ പറയുന്നു. കനാൽ
തുറക്കുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തുകളുടേയും തൊഴിലുറപ്പുതൊഴിലാളികളുടേയും സഹായത്തോടെ പതിവായി കാനാലുകൾ വൃത്തിയാക്കാറുള്ളതാണ്. ഇത്തവണ അത് നടന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളെ ആവർത്തനപ്പണികൾക്കുപയോഗിക്കാൻ പാടില്ലെന്ന കേന്ദ്ര നിർദ്ദേശം കലക്ടർ പ്രാവർത്തിയമാക്കിയതോടെ കനാൽ വൃത്തിയാക്കുന്ന തൊഴിലുകൾക്ക് കോഴിക്കോട് ജില്ലയിൽ ഈ തൊഴിലാളികളെ ഉപയോഗിക്കാൻ കഴിയാതായി. പകരം സംവിധാനമുണ്ടാക്കാൻ ഇറിഗേഷൻ വകുപ്പിന്റെ ചുമതലപ്പെട്ടവരോ പ്രാദേശിക സർക്കാരോ ജില്ലാ ഭരണകൂടമോ തയാറായില്ല. അതോടെ വലിയ മാളങ്ങളായും, ഇടിഞ്ഞുതകർന്നും കാടുപിടിച്ചും കിടന്ന കനാലിലേക്ക് വെള്ളമൊഴുക്കിവിടുകയായിരുന്നു. ഇത് ജില്ലയിൽ വലിയ അപകടങ്ങൾക്ക് കാരണമായി. ഒന്നിലധികം തവണ പ്രധാന കനാൽ പൊട്ടി ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്ന അവസ്ഥയുണ്ടായി. പന്നിമാളങ്ങൾ പോലുള്ള വലിയ ഗർത്തങ്ങളിലൂടെ വലിയ തോതിൽ ചോർച്ച സംഭവിക്കുന്നു. ഇത് ഇപ്പോഴും തടയാൻ സാധിച്ചിട്ടില്ല.

കാടും പടലും നിറഞ്ഞു കിടക്കുന്ന കനാലിലൂടെയുള്ള നീരൊഴുക്ക് വളരെ സാവധാനത്തിലാണ്. തിരുവങ്ങൂർ ബ്രാഞ്ച് കനാലിൽ 60 മുതൽ 80 സെന്റീമീറ്റർ വരെ ജലനിരപ്പുണ്ടായാലേ വെള്ളം വേഗത്തിലൊഴുകി ടെയ്ലെന്റിൽ എത്തുകയുള്ളൂ. പക്ഷേ 55 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഇവിടെ ഉണ്ടാകുന്നില്ല. ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഇരിങ്ങൽ ബ്രാഞ്ച് കനാലും കൈകനാലുകളുമൊക്കെ അടച്ചു വെച്ച് നീരൊഴുക്ക് കൂട്ടി ടെയ്‌ലെന്റിലെത്തിക്കാനുള്ള ശ്രമം ബുധനാഴ്ച വൈകുന്നേരത്തോടെ വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്. ഒരു പറ്റം ജീവനക്കാർ കനാൽ പരിസരത്ത് നിലയുറപ്പിച്ചാണ് ഇതൊക്കെ ചെയ്യുന്നത്. കൈകനാലുകൾ ഇതുവരെ തുറന്നിട്ടില്ല. ഇതോടെ ഒരുപാട് മേഖലകളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന മുറവിളിയും ശക്തിപ്പെട്ടിട്ടുണ്ട്.

കൊണ്ടംവള്ളി പാടശേഖരത്തിൽ കൃഷിക്ക് മണ്ണൊരുക്കൽ പ്രവൃത്തി നടക്കുന്നത് കൊണ്ട് ഏപ്രിൽ 15 ന് ശേഷമേ കനാലിൽ വെള്ളമൊഴുക്കാവൂ എന്ന് കാണിച്ച് അവിടത്തെ പാടശേഖര സമിതിയുടെ നിവേദനവും കിട്ടിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ഇറിഗേഷൻ വകുപ്പ് പ്രവർത്തിക്കുന്നതെന്നും പൊതുജനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹകരിച്ചാലേ പ്രശ്നങ്ങൾ ലഘൂകരിക്കാനാവൂ എന്നും ഇറിഗേഷൻ അധികൃതർ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

Comments

COMMENTS

error: Content is protected !!