കലാകാരൻമാർ നന്മ വിളക്കുകൾ : ടി വി ബാലൻ
കാരയാട് : പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കലാകാരൻമാർ നൽകിയ സംഭാവനകൾ അവിസ്മരണീയമായ അനുഭവങ്ങളാണെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗം ടി വി ബാലൻ പറഞ്ഞു. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കാരയാട് ഗംഗാധരന്റെ സ്മരാണാർത്ഥം അനുസ്മരണ സമിതിയും യുവ കലാസാഹിതിയും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും തറമലങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ കലാ സാംസ്കാരിക പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ നാടക പ്രവർത്തകനും സാംസ്കാരിക പ്രതിഭയുമായ പപ്പൻ കാവിലിന് ടി വി ബാലൻ പുരസ്കാരം സമർപ്പിച്ചു. കെ കെ വേണുഗോപാൽ അദ്ധ്യക്ഷനായി. സുരേഷ് ബാബു കൂത്തുപറമ്പ് സാംസ്കാരികപ്രഭാഷണം നടത്തി.
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സി ബിജു, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ , ഇ രാജൻ മാസ്റ്റർ, പ്രഫ: ടി കെ രാമകൃഷണൻ, തുടങ്ങിയവർ സംസാരിച്ചു. ശ്രുതി സാഗർ ഓർക്കസ്ട്ര അവതരിപ്പിച്ച ഹൃദയ രാഗങ്ങൾ പരിപാടിയും ഇതോടൊപ്പം നടന്നു. എം എസ് ദിനേഷ് സ്വാഗതവും, മയൂഖ മിന്ന നന്ദിയും പറഞ്ഞു.