കലിക്കറ്റ് പോസ്റ്റ് വാർത്തയെത്തുടർന്ന്, കർഷകർക്ക് ഇഷ്ടപ്പെട്ട വളം താൽപ്പര്യമുള്ള ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നഗരസഭയുടെ അനുമതി
കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി തെങ്ങുകൃഷിക്ക് വളം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ വർഷങ്ങളിലൊക്കെ നഗരസഭ നേരിട്ട് സഹകരണ സ്ഥാപനങ്ങളിലൂടെ വളം വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇതിൽ വലിയ തട്ടിപ്പ് നടക്കുന്നതായും ഗുണമേന്മയില്ലാത്ത വളം കൂടിയ വിലക്ക് കർഷകർക്ക് നൽകി, ഇടനിലക്കാർ സബ്സിഡിത്തുക തട്ടിയെടുക്കുന്നതായും കലിക്കറ്റ് പോസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കർഷകർക്ക് അംഗീകൃത ഏജൻസികളിൽ നിന്ന് അവർക്കിഷ്ടപ്പെട്ട വളം വാങ്ങാൻ അനുമതി നൽകണം എന്ന ആവശ്യവും ഉയർന്നു. വളം വാങ്ങി ജി എസ് ടി യോടു കൂടിയ ബില്ല് ഹാജരാക്കുന്ന കർഷകർക്ക് കൃഷിഭവൻ മുഖാന്തിരം സബ്സിഡി അനുവദിക്കുകയും തുക കർഷകരുടെ എക്കൗണ്ടിലേക്ക് നൽകുകയും വേണം എന്നതായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഇപ്പോൾ ഇടനിലക്കാരായി നിന്ന് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തുന്ന തട്ടിപ്പ് സംഘത്തെ ഒഴിവാക്കാനാവും എന്നും വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തൊട്ടടുത്ത പഞ്ചായത്തുകളൊക്കെ ഈ രീതി അനുവർത്തിക്കുമ്പോഴും നഗരസഭ ഇതിന് തയാറാവാതിരുന്നത് തട്ടിപ്പ് സംഘത്തെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നു.
ഇതേത്തുടർന്നാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ അനാവരണം ചെയ്ത് കലിക്കറ്റ് പോസ്റ്റ് വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ കലിക്കറ്റ് പോസ്റ്റ് വാർത്ത ചർച്ചയാകുകയും കർഷകർക്ക് ഇഷ്ടമുള്ള വളം തെരഞ്ഞെടുത്ത് വാങ്ങാൻ അനുമതി നൽകണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. കലിക്കറ്റ് പോസ്റ്റ് വാർത്തയേത്തുടർന്ന് മിക്കവാറും പത്രങ്ങളും മറ്റു മാധ്യമങ്ങളും ഈ വിഷയം പലതരത്തിൽ വാർത്തയാക്കി. ഇപ്പോൾ കൃഷിക്കാർക്ക് യഥേഷ്ടം വളം വാങ്ങാൻ അനുമതി നൽകാൻ നഗരസഭ നിർബന്ധിതമായിരിക്കുകയാണ്. അപ്പോഴും കഴിഞ്ഞ വർഷങ്ങളിൽ കർഷകർക്ക് സബ്സിഡിയായി ലഭിക്കേണ്ട തുക ഭരണകക്ഷി ബന്ധമുള്ള സംഘം തട്ടിയെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
23 – 24 വർഷത്തെ ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്ക് ഓഗസ്റ്റ് നാലു മുതൽ വളം വാങ്ങുന്നതിനുള്ള സ്ലിപ്പ് വിതരണം ചെയ്യുമെന്ന് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.
സബ്‌സിഡി നിരക്കിൽ കർഷകർക്ക് വാങ്ങാവുന്ന വളങ്ങൾ ഇങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.
ഒരു തെങ്ങിന് കക്ക – ഒരു കിലോഗ്രാം, ജൈവ വളം – നാല് മുതൽ ആറ് വരെ കിലോഗ്രാം, പൊട്ടാഷ് – ഒരു കിലോഗ്രാം.
കുമ്മായം ജൈവവളം 75 ശതമാനം, (കടലപ്പിണ്ണാക്ക് ഒഴികെ )സബ്‌സിഡി നിരക്കിലും പൊട്ടാഷ് 50 ശതമാനം സബ്‌സിഡി നിരക്കിലും ആനുകൂല്യം ലഭിക്കുന്നതാണ് . ഒരു തെങ്ങിന് 150 ഓ അതിൽ കൂടുതലോ രൂപയ്ക്ക് വളം വാങ്ങിയാൽ 100 രൂപ സബ്‌സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ നൽകും . കൊയിലാണ്ടി നഗരസഭാ കൃഷിഭവൻ പരിധിയിലെ സഹകരണ സ്ഥാപനങ്ങളുടെ വളം ഡിപ്പോ ഉൾപ്പെടെ, അംഗീകൃത ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ നിന്നും വളം വാങ്ങി ജി എസ് ടി ബില്ലുകൾ കൃഷി ഭവനിൽ ഹാജരാക്കുന്ന മുറക്ക് സബ്സിഡി അനുവദിക്കും. ജൈവവളം സബ്‌സിഡിക്ക് യൂണിറ്റ് കോസ്റ്റ് ബാധകമായിരിക്കും.
കഴിഞ്ഞ വർഷം തെങ്ങൊന്നിന് 135 രൂപയുടെ വളവും അതിൽ 35 രൂപ ഗുണഭോക്‌തൃ വിഹിതം; 100 രൂപ സബ്സിഡി എന്ന നിലയിലായിരുന്നു വിതരണം ചെയ്തത്. ഇത്തവണ തെങ്ങൊന്നിന്ന് 150 രൂപക്കോ അതിൽ കൂടുതലോ വളം വാങ്ങുന്നവർക്ക് 100 രൂപ സബ്സിഡി അനുവദിക്കും എന്നാണ് അറിയിപ്പ്. അതായത് ഗുണഭോക്തൃ വിഹിതം ഇത്തവണ 35 ൽ നിന്ന് 50 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.