കലോപ്പൊയിൽ, കമ്മിളി പാടങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന് വിദ്യാർഥികൾ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ വിശാലമായി കിടക്കുന്ന കലോപ്പൊയിൽ, കമ്മിളി പാടശേഖരങ്ങളെ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് വിമുക്തമാക്കണമെന്ന അഭ്യർഥനയുമായി വിദ്യാർഥികൾ സംരക്ഷണവലയം തീർത്തു. എടക്കുളം വിദ്യാതരംഗിണി എൽ.പി സ്‌കൂളിലെ കൊച്ചുകുട്ടികളാണ് സംരക്ഷണവലയം തീർത്തത്. രക്ഷിതാക്കളും,സാംസ്‌കാരിക പരിസ്ഥിതിപ്രവർത്തകരും പ്രദേശവാസികളും ഒപ്പം അണിനിരന്നു.

 

പൊയിൽക്കാവ് കലോപ്പൊയിൽ റോഡിനിരുവശവുമുളള വിശാലമായ നെൽപ്പാടങ്ങളാണ് കലോപ്പൊയിൽ, കമ്മിളി പാടങ്ങൾ. ഒരുകാലത്ത് സമൃദ്ധമായി നെല്ലുവിളഞ്ഞ പാടങ്ങളായിരുന്നു ഇവ. എന്നാലിപ്പോൾ ഈ പാടങ്ങളിലേക്ക് പ്ലാസ്റ്റിക്‌ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിയുകയാണ്. ജലോപരിതലത്തിൽ കുളവാഴകളൊടൊപ്പം പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞുകിടക്കുകയാണ്. ശുദ്ധജലമത്സ്യങ്ങളും ദേശാടനപ്പക്ഷികളും നിറഞ്ഞ ഈ പാടശേഖരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നു.

 

പ്ലാക്കാർഡുകൾ കയ്യിലേന്തി കുട്ടികൾ പരിസ്ഥി നടത്തം സംഘടിപ്പിച്ചു. കവി വി.ടി. ജയദേവൻ ഉദ്ഘാടനംചെയ്തു. നാടകപ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവർത്തകൻ വിജയരാഘവൻ ചേലിയ, പ്രധാനാധ്യാപിക എ. അഖില, സലീഷ് കുമാർ, ആർണവ്, ബബീഷ് എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!