CALICUTDISTRICT NEWS
കല്ലായി പുഴയോരത്തെ അനധികൃത കെെയേറ്റം പൊളിച്ചു നീക്കിതുടങ്ങി
കോഴിക്കോട്:കല്ലായി പുഴയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടിക്ക് തുടക്കം. ഹൈക്കോടതിയുടെ കോടതിയലക്ഷ്യ ഉത്തരവിനെ തുടർന്നാണ് ലാൻഡ് റവന്യു ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം ഈസ്‌റ്റ് കല്ലായി ഭാഗത്തെ കെട്ടിടങ്ങൾ ചൊവ്വാഴ്‌ച പൊളിച്ചത്. വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.
95 പേർ കല്ലായി പുഴയോരത്തെ സർക്കാർ ഭൂമി കൈയേറിയതായാണ് പരാതി. മൊത്തം 23.5 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയാണ് വീണ്ടെടുക്കാനുള്ളത്.
കല്ലായി പുഴ സംരക്ഷണസമിതിയാണ് കൈയേറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്. കൈയേറ്റം ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി റവന്യു വിഭാഗം കൈയേറ്റ ഭൂമി അളന്ന് ജണ്ടകെട്ടി തിരിച്ചു.
വൻകിട കൈയേറ്റക്കാർ സ്‌റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ പുറമ്പോക്കിൽ ലീസ് പുനഃസ്ഥാപിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിശോധിച്ച് വിശദ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കലക്ടറെ ചുമതലപ്പെടുത്തി. ഇതിനിടയിൽ കളത്തിങ്ങൽ ഇസ്‌ഹാബ് എന്നയാൾ കോടതി അലക്ഷ്യം ഫയൽ ചെയ്‌തു. ഇതിലാണ് സ്‌റ്റേ ഇല്ലാത്ത 37 കൈയേറ്റം 28ന് കേസ് വാദം കേൾക്കുന്നതിനുമുമ്പ് ഒഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.
കസബ, കോഴിക്കോട് നഗരം, വളയനാട് എന്നീ വില്ലേജുകളിലാണ് കൈയേറ്റം കണ്ടെത്തിയത്. 25നകം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ പറഞ്ഞു.
തഹസിൽദാർ എ എം പ്രേംലാൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ വി സ്‌മിത, പുതിയേടത്ത് അനിൽകുമാർ, കെ ബാബുരാജ്, സി സുജിത് എന്നിവരും റവന്യു വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. കസബ സിഐ റജീഷിന്റെ നേതൃത്വത്തിൽ അമ്പതോളം പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു.
Comments