ആൽഫൈൻ കേസ്: ജോളി വീണ്ടും പോലീസ് കസ്റ്റഡിയിൽ

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ മുഖ്യപ്രതി ജോളി(ജോളിയമ്മ ജോസഫ്-47)യെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തേ ഈ കേസിൽ നാലുദിവസം പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തേക്കുകൂടി വിട്ടുകിട്ടാനായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകന്റെ വാദംകൂടി കേട്ട താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഞായറാഴ്ചവരെ കസ്റ്റഡികാലാവധി നീട്ടി ഉത്തരവിടുകയായിരുന്നു.

 

വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തിരുവമ്പാടി സി.ഐ. ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കോടതിയിൽ ഹാജരാക്കിയത്.

 

എൻ.ഐ.ടി.യിലേക്കുള്ള യാത്രയുടെയും ഫോൺവിളികളുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിന് ജോളിയുടെ സാന്നിധ്യം ആവശ്യമില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ഹൈദർ ചൂണ്ടിക്കാട്ടി. കസ്റ്റഡി അപേക്ഷയെ അദ്ദേഹം എതിർത്തു. ഓരോ കേസുകളും വ്യത്യസ്ത സംഘങ്ങളാണ് അന്വേഷിക്കുന്നതെന്നതിനാലും സ്ഥലവും സമയവും സാക്ഷികളും വ്യത്യസ്തമായതിനാലും തെളിവുകൾ കണ്ടെത്താൻ പോലീസ് കസ്റ്റഡി അത്യാവശ്യമാണെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി വാദിച്ചു.

 

തുടർന്ന് ജോളിയുടെ കസ്റ്റഡികാലാവധി ഞായറാഴ്ച വൈകീട്ട് നാലുമണിവരെ നീട്ടി കോടതി ഉത്തരവിടുകയായിരുന്നു. അന്ന് അവധിദിവസമായതിനാൽ അന്വേഷണസംഘം ജോളിയെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കേണ്ടത്.

 

ജോളിയോട് പോലീസിന് വ്യക്തിവൈരാഗ്യമില്ലല്ലോയെന്ന് കോടതി

 

ജോളിയോട് പോലീസിന് വ്യക്തിവൈരാഗ്യമൊന്നും ഇല്ലല്ലോയെന്ന് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി. ജോളിയെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അനാവശ്യമായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതെന്നും ഒരു ദിവസംപോലും കസ്റ്റഡികാലാവധി അനുവദിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചപ്പോളാണ് കോടതി ഇങ്ങനെ പരാമർശിച്ചത്. തെളിവുകണ്ടെത്താൻ അന്വേഷണം നടത്തേണ്ടത് പോലീസിന്റെ ജോലിയല്ലേയെന്ന് മജിസ്‌ട്രേറ്റ് എം. അബ്ദുൾ റഹീം പ്രതിഭാഗം അഭിഭാഷകനോട് മറുചോദ്യം ഉന്നയിച്ചു. പ്രതിയുടെ സാന്നിധ്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത പ്രോസിക്യൂഷൻ കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 

ജോളിയുടെ ഫോൺവിളി: വിശദാന്വേഷണം വേണമെന്ന് പോലീസ്
താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഫോൺവിളികളെക്കുറിച്ച് അവരുടെ സാന്നിധ്യത്തിൽ വിശദമായ അന്വേഷണം വേണ്ടതുണ്ടെന്ന് അന്വേഷണസംഘം. ആൽഫൈൻ കേസിൽ താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച തുടർ കസ്റ്റഡി അപേക്ഷയിലാണ് ജോളി നമ്പറുകളിലേക്ക് ബന്ധപ്പെട്ടതായി അന്വേഷണസംഘം സൂചിപ്പിക്കുന്നത്.

 

പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും പ്രൊഫസറാണെന്ന വ്യാജേന എൻ.ഐ.ടി.യിലേക്ക് നടത്തിയ യാത്രകളുടെ ഉദ്ദേശ്യം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
Comments

COMMENTS

error: Content is protected !!