കവളപ്പാറയില്‍ ഇന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; രണ്ടുപേരെ തിരിച്ചറിഞ്ഞു

നിലമ്പൂർ: കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 36 ആയി. ഇന്ന് കണ്ടെത്തിയ  മൂന്നു മൃതദേഹങ്ങളില്‍ രണ്ടെണ്ണം കുട്ടികളുടേതാണ് ഇതിലൊരാളെ തിരച്ചറിഞ്ഞു.  കിഷോര്‍ (8 വയസ്സ്).  ദേവയാനി (82) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.  ഇനി 23 പേരെക്കൂടി ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുണ്ട്. ഊര്‍ജിതമായ തിരച്ചിലാണ് ഇന്ന് രാവിലെ മുതല്‍ നടക്കുന്നത്.

 

മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും ചെളി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ തിരച്ചിലിന് കൊണ്ടുവന്ന ഹിറ്റാച്ചികള്‍ താഴ്ന്നുപോകുന്ന സ്ഥിതി വിശേഷമുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭൂമിയുടെ രൂപം മാറിയതിനാല്‍ അപകടത്തില്‍ തകര്‍ന്ന വീടുകള്‍ എവിടെയെന്ന് മാപ്പിങ്ങിലൂടെയാണ് എന്‍ഡിആര്‍ഫ് സംഘം അനുമാനിക്കുന്നത്. ഇതനുസരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.

 

തിരച്ചില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജിപിആര്‍ സിസ്റ്റം കൊണ്ടുവരും. ഹൈദരാബാദിലെ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിമാനമാര്‍ഗം ഇത് കൊണ്ടുവരും. അതുവരെനിലവിലെ രീതിയില്‍ തിരച്ചില്‍ തുടരാനാണ് തീരുമാനം. എല്ലാദിവസവും മൃതദേഹങ്ങള്‍ ലഭിക്കുന്ന സാഹചര്യമാണ് നിലവില്‍.

 

തിരച്ചില്‍ നിര്‍ത്തിവെക്കുന്നുവെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ, സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.

 

അതേസമയം വയനാട് പുത്തുമലയില്‍ ഇനി ഏഴുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. കാണാതായവരുടെ ബന്ധുക്കളുമായി ജില്ലാ ഭരണകൂടം ആശയവിനിമയം നടത്തിയിരുന്നു. തിരച്ചില്‍ തുടരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അഞ്ഞൂറിലേറെ ആളുകളാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.
Comments

COMMENTS

error: Content is protected !!