CRIME
കസ്റ്റഡി മരണം: പ്രതിപ്പട്ടികയിൽ 3 പൊലീസുകാർ കൂടി
തൊടുപുഴ ∙ കോലാഹലമേട് സ്വദേശി കുമാറിന്റെ (രാജ്കുമാർ) കസ്റ്റഡി മരണത്തിൽ 3 പൊലീസുകാർ കൂടി പ്രതികളാകും. ഇതോടെ പ്രതികളുടെ എണ്ണം ഏഴാകും. നിലവിൽ നെടുങ്കണ്ടം മുൻ എസ്ഐ ഉൾപ്പെടെ 4 പേരാണ് പ്രതിപ്പട്ടികയിൽ. ഇടുക്കി എആർ ക്യാംപിലെ പൊലീസുകാരും കുമാറിനെ മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സാഹചര്യത്തിൽ പ്രതികളുടെ എണ്ണം 10ൽ അധികമാകുമെന്നാണു സൂചന.
നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ 8 പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എസ്ഐ കെ.എം.സാബു, ഡ്രൈവർ സജീവ് ആന്റണി എന്നിവർ അറസ്റ്റിലായി. എഎസ്ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെയും ക്രൈംബ്രാഞ്ച് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സസ്പെൻഷനിൽ കഴിയുന്ന 8 പൊലീസുകാരിൽ 7 പേരും കുമാറിനെ മർദിച്ചതായി തിരിച്ചറിഞ്ഞു. റെജിമോനും നിയാസുമാണ് കൂടുതൽ മർദിച്ചതെന്നും മൂന്നാംമുറ പ്രയോഗിച്ചതെന്നും എസ്ഐ സാബുവും സജീവ് ആന്റണിയും ക്രൈബ്രാഞ്ചിന് മൊഴി നൽകി.
കമ്പം–കമ്പംമെട്ട് റോഡിൽ രാത്രിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങളെ തുടർന്ന് ഇവിടെ നിരീക്ഷണത്തിനായി ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, 8 പേരുൾപ്പെടുന്ന പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ചിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഈ സംഘം നെടുങ്കണ്ടം സ്റ്റേഷനിലെത്തിയിരുന്നതായും ഇവരിൽ ചിലർ സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമമുറിയിലെത്തി കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംഘം ഇതുവരെ 52 പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി. മൊഴികളിൽ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയതിനാൽ ഇവ വീണ്ടും പരിശോധിക്കുകയാണ്. മൊഴികളിൽ വ്യക്തത വരുത്തിയ ശേഷം എസ്ഐ സാബുവിനെതിരെ വ്യാജരേഖ ചമച്ചതിനും ക്രൈംബ്രാഞ്ച് കേസെടുക്കും.
Comments