കുറുവന്‍കോണം കൊലപാതകം; പ്രതി കൊടുംകുറ്റവാളിയെന്ന് പൊലീസ്

കുറവന്‍കോണം കൊലക്കേസ് പ്രതി കൊടുംകുറ്റവാളിയെന്ന് പൊലീസ്. പിടിയിലായ രാജേന്ദ്രന്‍ 2014ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനായി കഴിഞ്ഞിരുന്ന പ്രതി തമിഴ്‌നാട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.

മോഷണ ശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് രാജേന്ദ്രനെ പിടികൂടിയത്. കൊല്ലപ്പെട്ട വിനീതയുടെ മാലയും നഷ്ടപ്പെട്ടിരുന്നു. ഇരുവരും മുന്‍ പരിചയമുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. വിനീതയെ കൊലപ്പെടുത്തുന്നതിനിടെ പ്രതി കയ്യില്‍ കത്തി തിരുകിയിരുന്നു. ഇതുംസംബന്ധിച്ച് പ്രതി കുറ്റസമ്മതം നടത്തിയെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.

മോഷണത്തിന് വേണ്ടിയായിരുന്നു വിനീതയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറയുന്നത്. ഇതോടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാലയാണ് കാണാതായത്. കൈയില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

Comments

COMMENTS

error: Content is protected !!