Politics
‘കസ്റ്റഡി മരണത്തില്‍ നടപടി’-പിണറായി; ‘മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വില’- ചെന്നിത്തല

തിരുവനന്തപുരം: പീരുമേട്ടിലെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകൂ.
ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വീസില്‍ നിന്ന് ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തെറ്റുചെയ്യാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചു. വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിലാണ് മരിച്ചത്. ആ കേസിലുള്‍പ്പെട്ട എല്ലാ പ്രതികളും ഇപ്പോള്‍ പോലീസ് സര്‍വീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥാനകയറ്റം നല്‍കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി താങ്കള്‍ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും അദ്ദേഹം പറഞ്ഞു.
Comments