കാട്ടുതേനീച്ചകളുടെ കുത്തേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

കൊയിലാണ്ടി: കാട്ടുതേനീച്ചകളുടെ കുത്തേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കണയങ്കോട്ടെ കല്ലടച്ചേരി സെയ്ദ്, എളാട്ടേരിയിലെ കണ്ണച്ചാറമ്പത്ത് അർജുൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. മറ്റു പലർക്കും കുത്തേറ്റെങ്കിലും സാരമുള്ളതല്ല. സെയ്ദിനെ കോഴിക്കോട് ഇക്ര ആശുപത്രിയിലും അർജുനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും ഗൗരവമായ ശ്വാസതടസ്സവും മറ്റ് അസ്വസ്ഥകളും പ്രകടമായിരുന്നെങ്കിലും ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട്.

ക്ഷീര കർഷകനായ അർജുൻ ഇന്ന് (ബുധൻ) കാലത്ത് ഒമ്പത് മണിയോടെ വീട്ടിനടുത്ത ആളൊഴിഞ്ഞ കാടുമൂടിയ പറമ്പിലേക്ക് പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയതായിരുന്നു. തേനീച്ചക്കൂട് ഇളകിയെതെങ്ങിനെയെന്നറിയില്ല. ഈച്ചകൾ കൂട്ടത്തോടെ ആക്രമിച്ചതോടെ ജീവനും കൊണ്ടോടിയ അർജുനെ, അഞ്ഞൂറ് മീറ്റർ അപ്പുറത്ത് ജോലി ചെയ്യുകയായിരുന്ന സെയ്ദ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്കും കുത്തേറ്റത്. ഇരുവർക്കും ശരീരമാസകലം നൂറിലധികം കുത്തേറ്റിട്ടുണ്ട്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വീടിനുള്ള നിലം നിരത്തുന്നതിനിടയിലാണ് സെയ്ദിന് കുത്തേറ്റത്. കുത്തിയത് വലിയൊരു തരം തേനീച്ചയാണ് കടന്നലല്ല എന്നാണ് ഇരുവരും പറയുന്നത്. എന്നാൽ തേനീച്ചയാണോ കന്നലാണോ എന്ന് വ്യക്തമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഭയം മൂലം അവരാരും സംഭവസ്ഥലത്തേക്ക് പോയിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധനനടത്തുമെന്ന പ്രതീക്ഷയിലാണിവർ.

പത്തിലധികം കടന്നലുകളുടെ കുത്തേൽക്കുന്നത് പോലും മാരകമാണ് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കരളിനെയാണ് കടന്നൽ വിഷം ആദ്യം തന്നെ ബാധിക്കുക. അടുത്ത കാലത്തായി കടന്നലുകളുടെ കുത്തേറ്റ് മരണം സംഭവിക്കുന്നത് പോലും നിത്യ സംഭവമാണ്.

Comments

COMMENTS

error: Content is protected !!