കാട്ടുപന്നികളെ വെടിവെക്കാനുളള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നൽകാനുളള പുതിയ ശുപാര്‍ശ അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ
കാട്ടുപന്നികളെ വെടിവെക്കാനുളള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നൽകാനുളള പുതിയ ശുപാര്‍ശ അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിലൂടെ വന്യ ജീവി ആക്രമങ്ങള്‍ക്ക് തദ്ദേശീയമായി തന്നെ പരിഹാരം കാണാന്‍ പ്രസിഡന്റുമാർക്ക് തന്നെ അവകാശമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പഞ്ചായത്ത് രാജ് നിയമമനുസരിച്ചാണ് പുതിയ ശുപാര്‍ശ. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് കാട്ടുപന്നികളെ വെടിവെക്കാനുളള അധികാരം. മൃഗങ്ങളെ വെടിവെക്കാനുളള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭാഗമാണ്.
മനുഷ്യജീവന് ഭീഷണിയായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വര്‍ഷം കൂടി നീട്ടി വനം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. തോക്കിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവിന്റെ സമയപരിധി 17 ന് അവസാനിക്കാനിരിക്കെയായിരുന്നു നടപടി.2020 മെയ് 18 ന് കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാന്‍ 6 മാസത്തേക്ക് അനുമതി നല്‍കിയിരുന്നു. പിന്നീട് ആറ് മാസത്തേക്കും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കും കൂടി നീട്ടുകയായിരുന്നു. കാട്ടുപന്നികളുടെ ശല്യം സംസ്ഥാനത്ത് അടുത്ത കാലത്തായി രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചത്. എന്നാല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന പന്നിയെ കൊല്ലുന്നത് ശിക്ഷാര്‍ഹവുമാണ്. ഈ സാഹചര്യത്തിലാണ് നിയമത്തിന്റെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചത്.