ഹോസ്റ്റൽ സമയക്രമത്തിൽ വിവേചനപരമായ നിയന്ത്രണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി
ഹോസ്റ്റൽ സമയക്രമത്തിൽ വിവേചനപരമായ നിയന്ത്രണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കോളജ് ഹോസ്റ്റലുകള്‍ ജയിലുകളല്ല. ഭരണഘടനാപരമായ അവകാശം പെൺകുട്ടികൾക്കുണ്ട്. അത് ഉറപ്പാക്കുന്നതിനാണ് പരിഗണനയെന്നും കോടതി പറഞ്ഞു.
കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുളള ടൂറിസ്റ്റ് ഹോമുകളോ, ഹോട്ടലുകളോയല്ലെന്ന് നേരത്തെ ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. അച്ചടക്കവും, സുരക്ഷയും ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളളത്. 18 വയസ്സിലെ സമ്പൂർണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ല. വീട്ടിൽപോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ആരോഗ്യ സർവകലാശാലയുടെ പരാമർശം.
നിയന്ത്രണങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ താൽപര്യവും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഹർജി. ഹർജിക്കാർ വിദ്യാർഥികളുടെയാകെ പ്രതിനിധികളല്ലെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം, സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ആൺ-പെൺ ഭേദമില്ലാതെ വിദ്യാർഥികൾക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡിക്കൽ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.