ന്യൂനമർദ്ദം വീണ്ടും. ടൌട്ടേയ്ക്ക് പിറകെ യാസ് ചുഴലിക്കാറ്റ്

തെക്കൻ ബംഗാൾ ഉൽക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ മെയ് 22 ഓടെ ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടൌട്ടേ ചുഴലിക്കാറ്റിന് പിറകെ യാസ് എന്ന പേരിലാണ് പുതിയ ചുഴലി എത്തുന്നത്. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. ഇതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട തീവ്രത കേരള തീരത്തിന് നേരിടേണ്ടി വരില്ല എന്നാണ് കരുതുന്നത്. എന്നാൽ ജാഗ്രത തുടരണം എന്നാണ് നിർദ്ദേശം.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 25കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ വകുപ്പ്. 975.91 ഹെക്ടറിലെ കൃഷി നശിച്ചു.  11,036 കര്‍ഷകരെ മഴക്കെടുതി ബാധിച്ചു.
പൊതുവേ ചൂട് കൂടി നിൽക്കേണ്ട സമയമാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് കുടിവെള്ള ക്ഷാമവും വരൾച്ചാ ദുരിതങ്ങളും നേരിട്ട ജനങ്ങൾ പ്രളയ ദുരിതത്തിലാണ്. നാണ്യ വിളകൾക്ക് കാച്ചിൽ ബാധിക്കാതിരിക്കാൻ ഈ മഴ സഹായകമായി. എന്നാൽ കാപ്പി വാഴ പച്ചക്കറി വിളകൾ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിച്ചു. ചാഴിയും കീടങ്ങളും വർധിക്കുന്നതിന് ഈ സമയത്തെ മഴ കാരണമാകും എന്ന് പരമ്പരാഗത കൃഷിക്കാർ പറയുന്നു.
   ഔദ്ധ്യോഗിക കണക്ക് പ്രകാരം ഏഴു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.  22 ലക്ഷം രൂപയുടെ നഷ്ടം ഈ ഇനത്തിലുണ്ടായ. 259 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 80,25,000 രൂപയുടെ നഷ്ടം കണക്കാക്കി.  കെഎസ്ഇബിക്ക് മൂന്നര കോടി രൂപയുടെയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അഞ്ച് കോടിയുടെയും നഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മേജര്‍ ഇറിഗേഷന് 10 കോടിയുടേയും മൈനര്‍ ഇറിഗേഷന് 10 ലക്ഷത്തിന്റെയും നാശനഷ്ടമാണുണ്ടായത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 12 തീരദേശ റോഡുകള്‍ക്ക്  കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!