Uncategorized

കാർ പുഴയിൽ വീണ് യുവ ഡോക്റ്റർമാരുടെ മരണം; ഗൂഗിൾ മാപ്പിനു പിശക് സംഭവിച്ചിട്ടില്ലെന്ന് പൊലീസ്

 

വഴിതെറ്റി വന്ന കാർ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു രണ്ട് യുവ ഡോക്റ്റർമാർക്ക് മരിക്കാനിടയായത് ഗൂഗിൾ മാപ്പിന്‍റെ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയിലെ ഡോക്റ്റർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണു മരിച്ചത്.

ഞായർ പുലർച്ചെ 2.30ന് ഗോതുരുത്ത് കടൽവാതുരുത്ത് പെരിയാറിലെ കൈവഴിയിലായിരുന്നു അപകടം. എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴാണ് 5 പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന 3 പേർ‌ അത്ഭുതകരമായി രക്ഷപ്പെട്ടു. പറവൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള എളുപ്പമാർഗമാണ് ഗോതുരുത്ത് കടൽവാതുരുത്ത് വഴി. എന്നാൽ ഗോതുരുത്തില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടിയിരുന്ന ഇവർ ഗൂഗിൾ മാപ്പ് കാണിച്ച പ്രകാരം വാഹനം നേരേ ഓടിച്ചു പോവുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു.

എന്നാൽ പുഴ എത്തുന്നതിനു മുന്‍പായി ഹോളിക്രോസ് എൽപി സ്കൂളിന് സമീപത്തു നിന്നും ഇടത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു എന്നും മുന്നിലേക്കു പോയാൽ റോഡ് അവസാനിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. കടൽവാതുരുത്ത് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു 400 മീറ്ററോളം സഞ്ചരിച്ചാലെ പുഴയുടെ സമീപമെത്തു. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാർ കാണാതെ പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button