KOYILANDILOCAL NEWS

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ.യു.പി സ്കൂളിൽ തീരദേശ വികസന കോർപ്പറേഷൻ നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ.യു.പി സ്കൂളിൽ തീരദേശ വികസന കോർപ്പറേഷൻ നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. 92.69 ലക്ഷം രൂപയാണ് നിർമാണ ചെലവ്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്കൂളിൽ പുതിയ കെട്ടിടം പണിതത്.

പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും കാമ്പസ് സൗന്ദര്യവൽകരണത്തിനും 60 ലക്ഷം രൂപ ഇപ്പോൾ സംസ്ഥാന ഗവൺമെൻറ് അനുവദിച്ചിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പദ്ധതിയിൽ ആധുനിക രീതിയിൽ വാഷ് റൂം പണിയാൻ 10 ലക്ഷം രൂപയും ഗെയിറ്റ്, മതിൽ എന്നിവ നിർമിക്കാൻ തൊഴിലുറപ്പു ഫണ്ടും നീക്കിവെച്ചിട്ടുണ്ട്.

ജൂൺ 25 ന് ഞായർ കാലത്ത് 11 മണിക്ക് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ.വി.ശിവൻകുട്ടി കെട്ടിടം ഉദ്ഘാടന കർമം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും. 100 ചെണ്ട കലാകാരൻമാരുടെ വാദ്യഘോഷവും , ഗായകരായ കുട്ടികൾ ഒരുക്കുന്ന സംഗീതാർച്ചനയും നടക്കും. റെയിൻബൊ കൊടിയേറ്റം, മൊബൈൽ ബാക്ക് സ്റ്റിക്കർ തുടങ്ങിയവ പ്രചരണത്തിന്റെ ഭാഗമായി നടന്നു.

കാനത്തിൽ ജമീല എം.എൽ.എ , പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ്, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , പി.പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button